ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡറായിട്ടാണ് രവീന്ദ്ര ജഡേജയെ കണക്കാക്കുന്നത്. ഫീൽഡിങ്ങിൽ പലതവണ ജഡേജ കരുത്ത് തെളിയിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനത്തിലും ജഡേജയുടെ മികവുറ്റ ഫീൽഡിങ് കാണികൾ കണ്ടു.

ഭുവനേശ്വർ കുമാറിന്റെ ബോൾ ലങ്കൻ താരം രങ്കണ ഹെറാത്ത് ബൗണ്ടറി കടത്താൻ ലക്ഷ്യമിട്ട് ബാറ്റ് വീശി. ഇതിനിടയിൽ മിന്നൽ വേഗത്തിലെത്തിയാണ് ജഡേജ ബോൾ തടഞ്ഞത്. ഒറ്റ കൈയ്യിൽ ബോൾ പിടിച്ച ജഡേജ ബാലൻസ് കിട്ടാതെ ബൗണ്ടറി ലൈനിലേക്ക് പോയി. ഉടൻതന്നെ ജഡേജ കൈയ്യിലിരുന്ന ബോൾ ഗ്രൗണ്ടിനകത്തേക്ക് എറിഞ്ഞു. അതിനുശേഷം പെട്ടെന്ന് തന്നെ എഴുന്നേറ്റ് ബോൾ സ്റ്റംപിനു നേരെ എറിഞ്ഞു. ഈ സമയം രങ്കണ രണ്ടാമത്തെ റൺസിനായുളള ഓട്ടത്തിലായിരുന്നു. രങ്കണയുടെ ഭാഗ്യം കൊണ്ടാണ് ബോൾ സ്റ്റംപിൽ തട്ടാതെ പോയത്.

വിക്കറ്റ് വീണില്ലെങ്കിലും കമട്രേറ്റർമാർ ജഡേജയുടെ ഫീൽഡിങ്ങിനെ പുകഴ്ത്തി. ജഡേജയുടെ വേഗതയെയും സ്റ്റംപിനു നേരെയുളള ഡയറക്ട് ത്രോയെയും അഭിനന്ദിച്ചു. പക്ഷേ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വിക്കറ്റ് വീഴാത്തതിൽ ചെറിയ നിരാശയുണ്ടായി. സ്റ്റംപിൽ തട്ടാതെ ബോൾ പോയത് കണ്ട് കോഹ്‌ലി തലയിൽ കൈവച്ചാണ് തന്റെ നിരാശ പ്രകടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ