ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ വാൾപയറ്റ് ആഘോഷം ക്രിക്കറ്റ് ലോകത്ത് വളരെ പ്രശസ്തമാണ്. അർധ സെഞ്ചുറിയും സെഞ്ചുറിയും തികച്ച ശേഷം കയ്യിലുള്ള ബാറ്റ് വാളാക്കിയാണ് താരം ആ മുഹൂർത്തം ആഘോഷിക്കാറുള്ളത്. നേരത്തെ രവീന്ദ്ര ജഡേജയുടെ ആഘോഷം അനുകരിച്ച് ഓസിസ് താരം ഡേവിഡ് വാർണർ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം.
കഴിഞ്ഞ ഐപിഎൽ സീസന്റെ സമയത്ത് എടുത്ത വീഡിയോയാണ് വാർണർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുള്ള വീഡിയോയാണ് ഇത്. രവീന്ദ്ര ജഡേജയെ ടാഗ് ചെയ്തുകൊണ്ട് താൻ അദ്ദേഹത്തേക്കാളും നന്നായി ചെയ്യുന്നില്ലെന്നും വാർണർ അടിക്കുറിപ്പായി ചോദിച്ചിരുന്നു.
പോസ്റ്റ് കണ്ടതും ഓസിസ് താരത്തിന് മറുപടിയുമായി രവീന്ദ്ര ജഡേജ തന്നെയെത്തി. ഏകദേശം ഒത്തൂ എന്നായിരുന്നു ജഡേജയുടെ കമന്റ്. ആരാധകർക്കും വാർണറിന്റെ വാൾപയറ്റ് ആഘോഷം ഏറെ ഇഷ്ടമായി. നിരവധി ആളുകളാണ് താരത്തിന്റെ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.
കൊറോണ വൈറസ് കായിക ലോകത്തെയും നിശ്ചലമാക്കിയതോടെ കുടുംബത്തോടൊപ്പവും സോഷ്യൽ മീഡിയിലുമാണ് കൂടുതൽ കായിക താരങ്ങളും സമയം കളയുന്നത്. നേരത്തെ തല മൊട്ടയടിക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ വെല്ലുവിളിച്ചുകൊണ്ട് ലോക്ക്ഡൗൺ കാലത്ത് വാർണർ രംഗത്തെത്തിയിരുന്നു. ഇടം കയ്യൻ ബാറ്റ്സ്മാന്മാരായ ജഡേജയും വാർണറും ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് ടീമുകളിലാണ് കളിക്കുന്നത്. ജഡേജ ചെന്നൈ താരവും വാർണർ ഹൈദരാബാദ് താരവുമാണ്.