ഇന്ത്യൻ ടീമിലെ ഓൾ റൗണ്ടറാണ് രവീന്ദ്ര ജഡേജ. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ജഡേജ മികച്ച പ്രകടനത്തിലൂടെ തന്റെ ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര മൽസരങ്ങളിൽ കളിക്കാൻ തുടങ്ങിയിട്ട് 9 വർഷമായിട്ടും രവീന്ദ്ര ജഡേജയുടെ പേര് അറിയില്ലെന്ന് പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരും. ഇത്തരത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ജഡേജ പങ്കുവച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജയ്ക്കു പകരം അജയ് ജഡേജ എന്നു തന്നെ വിളിച്ച ആരാധകനോടുളള ദേഷ്യവും അമർഷവും തന്റെ ട്വിറ്റർ പേജിലൂടെയാണ് ജഡേജ പ്രകടിപ്പിച്ചത്.

”ഒരാൾ എന്റെ അടുത്തുവന്ന് നല്ല ബോളിങ് അജയ് എന്നു പറഞ്ഞു. കഴിഞ്ഞ മൽസരത്തിലെ നിങ്ങളുടെ ബോളിങ് മികച്ചതായിരുന്നുവെന്നും അയാൾ പറഞ്ഞു. 9 വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടും ജനങ്ങൾ ഇപ്പോഴും എന്റെ പേര് ഓർക്കുന്നില്ല” ഇതായിരുന്നു ജഡേജയുടെ ട്വീറ്റ്. തന്റെ പേര് മാറ്റിവിളിച്ചതിലുളള ദേഷ്യം മുഴുവൻ ട്വീറ്റിൽ ജഡേജ പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ജഡേജയുടെ ട്വീറ്റിന് മറുപടി ട്വീറ്റുകൾ വന്നതാകട്ടെ മുഴുവനും താരത്തെ കളിയാക്കിക്കൊണ്ടുളളതായിരുന്നു. ട്വീറ്റുകളിൽ മുഴുവനും ജഡേജയെ ‘അജയ്’ എന്നാണ് വിളിച്ചത്. ഇന്ത്യൻ മുൻ ക്രിക്കറ്റ് താരമാണ് അജയ് ജഡേജ.

ഇന്ത്യയ്ക്കുവേണ്ടി 34 ടെസ്റ്റ് മൽസരങ്ങളിലും 136 ഏകദിനങ്ങളിലും 40 ടിട്വന്റി മൽസരങ്ങളിലും കളിച്ചിട്ടുളള താരമാണ് രവീന്ദ്ര ജഡേജ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook