സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും മനോഹരമായ ഇന്നിങ്സ് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ് നിറച്ച താരമാണ് രവീന്ദ്ര ജഡേജ. വൻ നാണക്കേടിലേക്ക് നീങ്ങിയ ഇന്ത്യക്ക് ജീവൻ നൽകിയതും അവസാനം വരെ അത് നിലനിർത്തിയതും ജഡേജയായിരുന്നു. എന്നാൽ ആ പ്രകടനത്തിന് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ മാത്രം സാധിച്ചില്ല. 18 റൺസിന് ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യ തോൽവി സമ്മതിച്ചു.

ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകർക്കും ക്രിക്കറ്റ് പ്രേമികൾക്കുമായി ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യൻ താരം. തോൽവിയിൽ നിന്ന് തിരിച്ചുവരാൻ തന്നെ പഠിപ്പിച്ചത് സ്പോട്സാണെന്നും അവസാനം ശ്വാസം വരെ തന്നാൽ കഴിയുന്നതൊക്കെ ചെയ്യുമെന്നും ജഡേജ ട്വിറ്ററിൽ കുറിച്ചു.

“ഓരോ തകർച്ചയിൽ നിന്നും തിരിച്ചുവരാൻ എന്നെ പഠിപ്പിച്ചത് സ്‌പോർട്സാണ്, ഒരിക്കലും വിട്ടുകൊടുക്കരുതെന്നും. നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയ്ക്ക് നന്ദി. ഇനിയും പിന്തുണയ്ക്കണം, അവസാന ശ്വാസം വരെ ആവുന്നതത്രേ ഞാൻ ചെയ്യും. എല്ലാവരോടും സ്നേഹം,” ജഡേജ ട്വിറ്ററിൽ കുറിച്ചു.

പതിയെ തുടങ്ങി ആഞ്ഞ് വീശുന്ന കൊടുങ്കാറ്റായിരുന്നു ജഡേജ. 59 പന്തുകളില്‍ നിന്നും നാല് സിക്‌സും നാല് ഫോറുമടക്കം 77 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. ഒരു വശത്ത് ധോണി സിംഗിളുകളിലൂടെ സ്‌ട്രൈക്ക് മാറിയപ്പോള്‍ ജഡജേ തകര്‍ത്തടിക്കുകയായിരുന്നു.

ലോകകപ്പിലെ രണ്ടാമത്തെ മത്സരം മാത്രമാണ് ജഡേജ ഇന്ന് കളിച്ചത്. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും അതുപോലെ തന്നെ ഫീല്‍ഡിലെ പ്രകടനം കൊണ്ടും ഇന്ത്യയുടെ ഏറ്റവു നിര്‍ണായകമായ താരമായിരുന്നു ജഡേജ. ഈ ലോകകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സേവ് ചെയ്ത ഫീല്‍ഡറും ജഡേജയാണ്. വന്‍ പരാജയം മുന്നില്‍ കണ്ടിടത്തു നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ ജഡേജയുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook