/indian-express-malayalam/media/media_files/uploads/2020/12/Jadeja-2.jpg)
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി 20 മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്‌ക്ക് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായേക്കും. ടി 20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ ജഡേജയ്‌ക്ക് നഷ്ടമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആദ്യ ടെസ്റ്റ് മത്സരത്തിലും ജഡേജ പുറത്തിരിക്കേണ്ടിവരും. ആദ്യ ടി 20 യിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ജഡേജയ്‌ക്ക് പരുക്കേറ്റത്. പരുക്കിനെ തുടർന്ന് ജഡേജ ഫീൽഡിങ്ങിന് എത്തിയതുമില്ല. ജഡേജയ്‌ക്ക് പകരം കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി യുസ്‌വേന്ദ്ര ചഹലിനെ ഇറക്കിയത് വലിയ വിവാദമായിരുന്നു.
കണകഷനും തുടയിലെ പരുക്കും ആദ്യ ടെസ്റ്റിൽ ജഡേജയ്‌ക്ക് തിരിച്ചടിയാകും. ഡിസംബർ 17 നാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഡിസംബർ നാലിനാണ് ആദ്യ ടി 20 മത്സരം നടന്നതും ജഡേജയ്‌ക്ക് പരുക്കേറ്റതും. തലയ്‌ക്ക് പരുക്കേറ്റ താരം പിന്നീട് പത്ത് ദിവസം വരെ വിശ്രമിക്കണമെന്നാണ് ഐസിസി ചട്ടം. അതിനാൽ തന്നെ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ കളിക്കാനോ ടീമിനൊപ്പം പരിശീലനം നടത്താനോ ജഡേജയ്‌ക്ക് സാധിക്കില്ല. ജഡേജയെ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള സാഹചര്യം ഇതാണ്.
Read Also: മിന്നും പ്രകടനത്തിന് പിന്നിലെ പ്രചോദനം ധോണിയല്ല, മറ്റൊരു സഹതാരം; മനസ് തുറന്ന് ഹാർദിക് പാണ്ഡ്യ
അതേസമയം, മൂന്ന് ആഴ്‌ച വരെ ജഡേജയ്‌ക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ജഡേജയുടെ തുടയിലെ പേശികൾക്കേറ്റ പരുക്ക് നിസാരമല്ല. ഏറ്റവും കുറഞ്ഞത് ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങൾ എങ്കിലും അദ്ദേഹത്തിനു നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇപ്പോൾ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും 'എ' ടീമുകൾ തമ്മിൽ പരിശീലന ടെസ്റ്റ് മത്സരം നടക്കുന്നുണ്ട്. ഈ മത്സരത്തിനിടയിൽ കമന്റേറ്റർമാരിൽ ഒരാൾ ജഡേജ മൂന്ന് ആഴ്‌ചത്തേക്ക് വിശ്രമത്തിലായിരിക്കുമെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്.
ജഡേജയുടെ അഭാവത്തിൽ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത. എന്നാൽ, ജഡേജയെ പോലൊരു ഓൾ റൗണ്ടറുടെ അഭാവം ടീം ഇന്ത്യയ്ക്ക് എല്ലാ തരത്തിലും തിരിച്ചടിയാകും. 49 ടെസ്റ്റുകളിൽ നിന്ന് 213 വിക്കറ്റുകൾ വീഴ്‌ത്തിയ ജഡേജ ഒരു സെഞ്ചുറിയും 14 അർധ സെഞ്ചുറിയുമായി 1,869 റൺസും നേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.