/indian-express-malayalam/media/media_files/uploads/2020/12/Jadeja-1.jpg)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി 20 മത്സരത്തിൽ പരുക്കേറ്റ ഇന്ത്യയുടെ സൂപ്പർ താരം രവീന്ദ്ര ജഡേജ അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കില്ല. പരുക്കേറ്റ ജഡേജയ്‌ക്ക് കൂടുതൽ വിശ്രമം ആവശ്യമാണ്. ഇന്ത്യയ്‌ക്ക് വേണ്ടി 23 പന്തിൽ നിന്ന് പുറത്താകാതെ 44 റൺസ് നേടിയ ജഡേജയുടെ അഭാവം അടുത്ത രണ്ട് മത്സരങ്ങളിലും തിരിച്ചടിയായേക്കും.
മത്സരത്തിന്റെ 19-ാം ഓവറിലാണ് ജഡേജയ്‌ക്ക് പരുക്കേറ്റത്. ഓസീസ് താരം മിച്ചൽ സ്റ്റാർക് എറിഞ്ഞ പന്ത് ജഡേജയുടെ ഹെൽമറ്റിൽ തട്ടി. ഇതേ തുടർന്ന് താരത്തിന് കാഴ്‌ചയ്‌ക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മറ്റൊരു ഓവറിൽ ജോ ഹെയ്‌സൽവുഡ് എറിഞ്ഞ പന്ത് ജഡേജയുടെ തുടയിൽ കൊണ്ടതും തിരിച്ചടിയായി. ഹാംസ്‌ട്രിങ് വേദന കാരണം ജഡേജ ഏറെ ബുദ്ധിമുട്ടിയാണ് ഇന്നിങ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്തത്. ബാറ്റിങ്ങിന് ശേഷം ജഡേജ കളത്തിലിറങ്ങിയില്ല. ജഡേജയ്‌ക്ക് പകരം കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി യുസ്‌വേന്ദ്ര ചഹലാണ് കളിക്കാനിറങ്ങിയത്.
ജഡേജയുടെ ഹെൽമറ്റിൽ പന്ത് കൊണ്ടതിനെ കുറിച്ച് മത്സരശേഷം ഇന്ത്യയുടെ മറ്റൊരു താരം സഞ്ജു സാംസൺ പ്രതികരിച്ചു. ബാറ്റിങ്ങിനുശേഷം ഡ്രസിങ് റൂമിലെത്തിയപ്പോൾ തനിക്ക് തല കറങ്ങുന്നതായി ജഡേജ പറഞ്ഞെന്ന് സഞ്ജു പങ്കുവച്ചു.
"മിച്ചൽ സ്റ്റാർക്കിന്റെ അവസാന ഓവറിൽ പന്ത് ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടു. ഇന്നിങ്സ് കഴിഞ്ഞ ശേഷം ഡ്രസിങ് റൂമിലേക്ക് എത്തിയപ്പോൾ ടീം ഫിസിയോ നിതിൻ പട്ടേൽ ജഡേജയോട് പന്ത് ഹെൽമറ്റിൽ കൊണ്ടതിനെ കുറിച്ച് ചോദിച്ചറിഞ്ഞു. തനിക്ക് ചെറിയ രീതിയിൽ തലകറക്കം അനുഭവപ്പെടുന്നതായി ജഡേജ പറഞ്ഞിരുന്നു. ടീം ഡോക്ടറുടെ നിർദേശാനുസരണം അദ്ദേഹം നിരീക്ഷണത്തിലാണ്," സഞ്ജു സാംസൺ പറഞ്ഞു.
Read Here: കൈ കൊണ്ട് ബെയ്‌ൽ തട്ടിയിട്ടു, ഒന്നും അറിയാത്ത പോലെ നടന്നു; അന്ന് ജസ്റ്റിൻ ലാംഗർ ചെയ്‌തത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.