രവീന്ദ്ര ജഡേജയ്ക്കും ഭാര്യ റീവ സൊലങ്കിക്കും പെൺകുഞ്ഞ് പിറന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്കോട്ടിലെ പ്രമുഖ ബിസിനസുകാരന്റ മകളാണ് റിവ. നിലവിൽ ഐസിസി ചാംപ്യൻസ് ട്രോഫി മൽസരങ്ങൾക്കായി ഇംഗ്ലണ്ടിലാണ് ജഡേജയുളളത്.

”ഗർഭിണിയായ ഭാര്യയെ വിട്ടിട്ടാണ് ഞാൻ പോകുന്നത്. കുടുംബത്തിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ഇവിടെ അവളെ നോക്കാൻ എന്റെ കുടുംബമുണ്ട്. പക്ഷേ ഇന്ത്യൻ ടീമിന്റെ ഭാഗമാവുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തം എനിക്കുണ്ട്. അത് എനിക്ക് നിറവേറ്റണമെന്നും” ചാംപ്യൻസ് ട്രോഫി മൽസരങ്ങൾക്ക് മുൻപായി സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ ജഡേജ പറഞ്ഞിരുന്നു.

ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ തങ്ങളുടെ രണ്ടാം മൽസരത്തിനിറങ്ങുകയാണ്. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ആദ്യ മൽസരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. 124 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. 48 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 319 റൺസ് നേടി. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ ലക്ഷ്യം 41 ഓവറിൽ 289 റൺസ് ആയി കുറച്ചു. എന്നാൽ പാക്കിസ്ഥാൻ ബാറ്റിങ് 33.4 ഓവറിൽ 164ന് അവസാനിച്ചു. ഓപ്പണർ അസർ അലിയുടെ അർധസെഞ്ചുറി (50) അല്ലാതെ പാക്ക് മൽസരത്തിൽ കാര്യമായ ഒന്നും എടുത്തു പറയാനില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook