എഷ്യ കപ്പിൽ ഇന്ത്യക്ക് പരുക്ക് തിരിച്ചടിയാകുന്നു. ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യക്ക് പുറമേ ബോളർമാരായ അക്സർ പട്ടേലും ഷാർദുൽ താക്കൂറും പരുക്കേറ്റ് ടീമിൽനിന്നും പുറത്തായി. ഇതോടെ പകരം താരങ്ങളെ യുഎഇയിലേക്ക് അയയ്ക്കാനാണ് ബിസിസിഐയുടെ തീരുമാനം. സൂപ്പർ താരം രവീന്ദ്ര ജഡേജ, ദീപക് ചാഹർ, സിദ്ധാർത്ഥ് കൗൾ എന്നിവർ ഉടൻ ടീമിനൊപ്പം ചേരും.

പാക്കിസ്ഥാനെതിരായ മത്സരത്തിനിടയിലാണ് പാണ്ഡ്യക്ക് പരുക്കേൽക്കുന്നത്. തന്റെ അഞ്ചാം ഓവറിന്റെ അഞ്ചാം ബോൾ പൂർത്തിയാക്കിയ ശേഷം പാണ്ഡ്യ നിലം പതിക്കുകയായിരുന്നു. കഠിനമായ വേദനമൂലം എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാതിരുന്ന താരത്തെ സ്‍ട്രെച്ചറിലാണ് മൈതാനത്തിന് പുറത്തെത്തിച്ചത്.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ തന്നെയായിരുന്നു ഇടം കൈയ്യൻ സ്പിന്നർ അക്സർപട്ടേലിനും പരുക്കേൽക്കുന്നത്. ഫീൾഡിങ്ങിനിടയിൽ വിരലിന്റെ ദശനാരിനാണ് അക്സറിന് പരുക്കേൽക്കുന്നത്. ഷാർദുൽ താക്കൂറിനാകട്ടെ ഹോങ്കോങ്ങിനെതിരായ മത്സരത്തിലാണ് പരുക്കു പറ്റുന്നത്.

പരുക്കേറ്റ അക്സർ പട്ടേലിന് പകരക്കാരനായാണ് ജഡേജ ടീമിലിടം നേടുന്നത്. ഒരു വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ നീല ജഴ്സിയിൽ കളിക്കാൻ താരത്തിന് അവസരം ലഭിക്കുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ദീപക് ചാഹറിനും സിദ്ധാർത്ഥ് കൗളിനും ഒരിക്കൽ കൂടി ഇന്ത്യൻ ടീമിൽ അവസരം നൽകിയതെന്ന് കരുതുന്നു.

എഷ്യ കപ്പിലെ ഏഴാം കിരീടം ലക്ഷ്യമിട്ട് യുഎഇയിലെത്തിയ ഇന്ത്യയ്ക്ക് ടൂർണമെന്റിന്റെ തുടക്കം മുതൽ തിരിച്ചടികളാണ്. തൂടർച്ചയായ മത്സരങ്ങൾ ടീമിന്റെ ആകെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇല്ലാതെയാണ് ടീം ഇന്ത്യ കിരീട പോരാട്ടത്തിനെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ മറ്റ് താരങ്ങളും ടീമിന് പുറത്തേക്ക് പോകുന്നത് കിരീട പ്രതീക്ഷകൾക്ക് മങ്ങലാകുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ