ആദ്യ ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പകരംവീട്ടിയിരിക്കുകയാണ് ഇന്ത്യ. ചെപ്പോക്ക് ടെസ്റ്റിൽ 317 റൺസിനാണ് ഇംഗ്ലണ്ടിനെ ആതിഥേയർ മുട്ടുകുത്തിച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ രവിചന്ദ്രൻ അശ്വിൻ ആണ് ഇന്ത്യയുടെ വിജയശിൽപി. കളിയിലെ താരവും അശ്വിൻ തന്നെ.
എന്നാൽ, വളരെ അസാധാരണമായ ഒരു നേട്ടത്തിന്റെ തൊട്ടരികെ എത്തിയിട്ടും അത് സ്വന്തമാക്കാൻ സാധിക്കാതെ പോയ താരം കൂടിയാകുകയാണ് അശ്വിൻ. ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നായി അശ്വിൻ വീഴ്ത്തിയത് എട്ട് വിക്കറ്റുകളാണ്. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടുകയും ചെയ്തു. ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും പത്ത് വിക്കറ്റ് പ്രകടനവും സ്വന്തമാക്കുന്ന താരം എന്ന നേട്ടമാണ് അശ്വിന് സ്വന്തമാക്കാൻ സാധിക്കാതെ പോയത്. ഒന്നാം ഇന്നിങ്സിൽ അഞ്ചും രണ്ടാം ഇന്നിങ്സിൽ മൂന്നും വിക്കറ്റുകളാണ് അശ്വിൻ നേടിയത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ നേടിയിരുന്നെങ്കിൽ അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി അശ്വിൻ സ്വന്തമാക്കുമായിരുന്നു.
ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും പത്ത് വിക്കറ്റും എന്ന അപൂർവ നേട്ടം സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ നാല് താരങ്ങളാണ് ഇതുവരെ ഉള്ളത്. അലൻ ഡേവിഡ്സൺ, ഇയാൻ ബോതം, ഇമ്രാൻ ഖാൻ, ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ആ താരങ്ങൾ. ഈ പട്ടികയിൽ അഞ്ചാമത്തെയും ഇന്ത്യൻ താരങ്ങളിൽ ആദ്യത്തേയും ആകാനുള്ള സുവർണാവസരമാണ് അശ്വിന് നഷ്ടമായത്.
Read Also: അക്ഷർ പട്ടേലിന് 5 വിക്കറ്റ്, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി 43 റൺസെടുത്ത മൊയീൻ അലിയും അപൂർവ റെക്കോർഡ് നഷ്ടപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് അർധ സെഞ്ചുറി തികയ്ക്കുന്ന താരമെന്ന നേട്ടത്തിനു തൊട്ടരികെ മൊയീൻ അലി ഔട്ട് ആകുകയായിരുന്നു. 18 പന്തിൽ നിന്നാണ് മൊയീൻ അലി 43 റൺസെടുത്തത്. രണ്ട് പന്തിൽ നിന്ന് ഏഴ് റൺസ് കൂടി എടുത്തിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചുറി സ്വന്തം പേരിലാക്കാമായിരുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം മിസ്ബ ഉൾ ഹഖ് ആണ് അതിവേഗ അർധ സെഞ്ചുറി ടെസ്റ്റിൽ കുറിച്ചിരിക്കുന്നത്. 21 പന്തിൽ നിന്നാണ് മിസ്ബ അർധ സെഞ്ചുറി നേടിയത്.
അരങ്ങേറ്റ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ അക്ഷർ പട്ടേലും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റുകളാണ് അക്ഷർ പട്ടേൽ സ്വന്തമാക്കിയത്. അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇടംകൈയ്യന് സ്പിന്നറാണ് അക്ഷർ പട്ടേൽ. അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ താരവും.