ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശക്തമായ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം. തമിഴ്‌നാട്ടുകാരൻ കൂടിയായ ഓഫ് സ്‌പിന്നർ ആർ.അശ്വിനാണ് ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാടിനുളള ശുഭസൂചനയായി കാണുന്നത്.

“മറ്റൊരു സൂപ്പർസ്റ്റാർ കൂടി ഇന്ന് വൈകുന്നേരം തമിഴ്‌നാട്ടിൽ തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. വലിയൊരു മാറ്റത്തിനായി രാഷ്ട്രീയകളം സജ്ജമായിരിക്കുകയാണ്?” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ന് രാവിലെ ആരംഭിച്ച പ്രാചാരണജാഥയെ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭസൂചകമായാണ് കാണുന്നതെന്ന് ഈ ട്വീറ്റിലൂടെ വ്യക്തമായി.

ഇന്ന് രാവിലെ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾകലാമിന്റെ വസതിയിൽ നിന്നാണ് കമൽഹാസന്റെ രാഷ്ട്രീയ റാലി ആരംഭിച്ചത്. റോഡ് ഷോ ആയി രാമേശ്വരത്ത് നിന്നും റാലി മധുരയിൽ എത്തും. മധുരയിൽ വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കും.

ചെന്നൈ സ്വദേശിയായ അശ്വിൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തമിഴ്‌നാടിന് വേണ്ടി 2006ലാണ് അരങ്ങേറിയത്. എട്ട് വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയുടെ താരമായ അശ്വിനെ ഇത്തവണ കിങ്സ് ഇലവൻ പഞ്ചാബാണ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ നിന്ന് രണ്ടുവർഷം പുറത്ത് നിൽക്കേണ്ടി വന്നപ്പോൾ റൈസിങ് പുണെ സൂപ്പർജയന്റ്സിനൊപ്പമാണ് അശ്വിൻ കളിച്ചത്.

ഈയടുത്ത് ഹെർഷൽ ഗിബ്‌സുമായി അശ്വിന്റെ ട്വീറ്റുകൾ വാഗ്വാദത്തിലേക്ക് മാറിയത് ട്വിറ്ററിലും പുറത്തും വലിയ ചർച്ചയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ