ഏകദിന ലോകകപ്പിൽ നിന്ന് ഇന്ത്യ സെമിയിൽ പുറത്തായെങ്കിലും ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് രവി ശാസ്ത്രി തന്നെ തുടരുകയായിരുന്നു. നേരത്തെ ലോകകപ്പ് വരെയായിരുന്നു രവി ശസ്ത്രിയുടെ കരാറുണ്ടായിരുന്നത്. ലോകകപ്പിന് ശേഷം ഇത് 45 ദിവസത്തേക്ക് നീട്ടി. പിന്നീട് പുതിയ പരിശീലകർക്കുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ രവി ശസ്ത്രി വീണ്ടും ഇന്ത്യൻ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം വരവിൽ രവി ശാസ്ത്രിയുടെ ശമ്പളത്തിൽ വൻ വർധനവുണ്ടായെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. കഴിഞ്ഞ തവണ എട്ട് കോടി രൂപയായിരുന്നു ഒരു വർഷം രവി ശാസ്ത്രിക്ക് പാക്കേജായി ലഭിച്ചിരുന്നത്. എന്നാൽ പുതിയ കരാർ അനുസരിച്ച് രവി ശാസ്ത്രിയുടെ ശമ്പളം 20 ശതമാനം വർധിച്ച് 9.5 കോടി മുതൽ 10 കോടി രൂപ വരെയായെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
Also Read: ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഖത്തറിനെതിരെ
മുഖ്യപരിശീലകനൊപ്പം സപ്പോട്ടിങ് സ്റ്റാഫിന്റെ ശമ്പളവും വർധിച്ചുവെന്നാണ് റിപ്പോർട്ട്. ബോളിങ് പരിശീലകൻ ഭരത് അരുണിന് 3.5 കോടി രൂപയും ഫീൾഡിങ് കോച്ച് ആർ.ശ്രീധർ, വിക്രം റാത്തോട് എന്നിവർക്ക് 2.5 കോടി മുതൽ മൂന്ന് കോടി വരെ വാർഷിക വരുമാനമായി ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: ശ്രദ്ധ മുഴുവൻ യുവതാരങ്ങളിൽ; ലക്ഷ്യം ടി20 ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും
തന്റെ രണ്ടാം വരവിൽ യുവതാരങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രവി ശാസ്ത്രി. ലക്ഷ്യം ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഏറെ നിർണായകമാണെന്നും ശാസ്ത്രി പറഞ്ഞു. ലോക ഒന്നാം നമ്പർ ടീമാണ് ഇന്ത്യയെന്നും കഴിഞ്ഞ മൂന്ന് വർഷമായി അതിന് മാറ്റമില്ലെന്നും പറഞ്ഞ ശസ്ത്രി ആ സ്ഥിരത നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പോലത്തെ വിജയം ഇതിനു മുമ്പും നേടിയിട്ടുണ്ടെന്നും എന്നാൽ ഭാവിൽ അത് അത്ര എളുപ്പമായിരിക്കില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.
കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. മുംബൈയില്‍ നടന്ന അഭിമുഖത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. സ്കൈപ്പിലൂടെയായിരുന്നു ശാസ്ത്രി അഭിമുഖത്തില്‍ പങ്കെടുത്തത്. മുന്‍ ഇന്ത്യന്‍ താരം റോബിന് സിങ്, ലാല്‍ചന്ദ് രജ്പുത്, ടോം മൂഡി, മൈക്ക് ഹെസന് തുടങ്ങിയവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. പട്ടികയിലുണ്ടായ വിന്ഡീസുകാരന് ഫില്‍ സിമ്മണ്‍സ് അവസാന നിമിഷം പിന്മാറിയിരുന്നു. കപില്‍ ദേവ്, അന്ഷുമന് ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയതാണ് കമ്മിറ്റി. 2017 മുതല്‍ രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്തുണ്ട്. ശാസ്ത്രിയുടെ കീഴിലാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. 2018 ല്‍ ഏഷ്യാ കപ്പും നേടിയിരുന്നു.