മുംബൈ: തനിക്ക് മുൻപുണ്ടായിരുന്ന പരിശീലകൻ അനില്‍ കുംബ്ലെയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇന്ത്യൻ പരിശീലകനെന്ന നിലയിൽ തന്റെ ശൈലിയെന്ന് സൂചന നൽകി രവി ശാസ്ത്രി. കളിക്കാരോട് ഒരു അദ്ധ്യാപകനെപ്പോലെ പെരുമാറാന്‍ താന്‍ ഒരുക്കമല്ലെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ച്ചയാണ് രവി ശാസ്ത്രി പരിശീലകനായി ചുമതലയേറ്റത്.

‘കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, മാനസികമായി മത്സരത്തിന് തയ്യാറാക്കുക, സമ്മര്‍ദത്തില്‍ നിന്ന് മുക്തമാക്കുക എന്നിവയൊക്കെയാണ് പരിശീലകന്റെ ജോലി. എന്തൊക്കെ ചെയ്യണമെന്നും ചെയ്യാതിരിക്കണമെന്നും അവരെ അദ്ധ്യാപകരെപ്പോലെ പഠിപ്പിക്കേണ്ട ആവശ്യമില്ല. ഏറ്റവും അത്യാവശ്യമായി വേണ്ടത് കളിക്കാരും പരിശീലകനും തമ്മിലുള്ള കൃത്യമായ ആശയവിനിമയമാണ്’ രവി ശാസ്ത്രി വ്യക്തമാക്കി.

ലോകത്തിലെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി വിരാട് കൊഹ്‍ലിയും സംഘവും മാറുന്ന കാലം വിദൂരമല്ലെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെടുന്നു. ‘ഇന്ത്യക്ക് നാളിതുവരെ ലഭിച്ച ഏറ്റവും മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി മാറാനുള്ള പ്രതിഭ ഈ സംഘത്തിനുണ്ട്. ഏവിടെയും ധൈര്യമായി ഈ ടീമുമായി കടന്നു ചെല്ലാം. സാഹചര്യങ്ങളേതായാലും 20 വിക്കറ്റുകള്‍ എറിഞ്ഞു വീഴ്ത്താന്‍ കെല്‍പ്പുള്ള പേസ് പട ഇന്ന് നമുക്കുണ്ട്. പ്രായം കണക്കിലെടുക്കുകയാണെങ്കില്‍ അവരുടെ ഏറ്റവും മികച്ച സമയത്താണ് കളിക്കാര്‍ രാജ്യത്തിനായി കളത്തിലിറങ്ങുന്നതെന്ന് സംശയമില്ലാതെ പറയാനാകും’ ശാസ്ത്രി പറയുന്നു.

‘കൊഹ്‍ലി ഒരു യഥാര്‍ഥ ചാമ്പ്യനാണ്. തന്‍റെ ഫോമിന്‍റെ പാരമ്യത്തില്‍ ഇനിയും കോഹ്‍ലി എത്തിയിട്ടില്ല. അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങളിലാകും ശരിയായ കോഹ്‍ലിയെ ലോകം കാണുക. സൗരവ് ഗാംഗുലിയുമായി തനിക്ക് യാതൊരുവിധ അഭിപ്രായ ഭിന്നതയും ഇല്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ഞങ്ങള്‍ രണ്ട് പേരും മുന്‍ ഇന്ത്യന്‍ നായകരാണ്. ചില കാര്യങ്ങളില്‍ തര്‍ക്കം സ്വാഭാവികമാണ്. ഇതിനെയെല്ലാം വിശാലമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ കഴിയണം. അഭിമുഖ സമയത്ത് ഗാംഗുലി എന്നോട് ചില മികച്ച ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. വ്യക്തികള്‍ക്ക് യാതൊരു പ്രാധാന്യവുമില്ല. ഇന്ത്യന്‍ ക്രിക്കറ്റാണ് വലുത്. ശ്രദ്ധ നേടേണ്ടതും ക്രിക്കറ്റ് മാത്രമാണ്’ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി തുറന്ന് പറയുന്നു.

2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായിരുന്നു രവി ശാസ്ത്രി. ഒരു കളിക്കാരന്റെ സ്‌റ്റൈലും മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗ്രൗണ്ടില്‍ അവര്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം നല്‍കുമെന്നും രവി ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി രവി ശാസ്ത്രിക്ക് നല്ല ബന്ധമാണുള്ളത്. കോഹ്ലിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് രവി ശാസ്ത്രിയെ പരിശീലകനായി നിയമിച്ചത്.

രവി ശാസ്ത്രിയോടൊപ്പം ബൗളിങ് പരിശീലകനായി സഹീര്‍ ഖാനെയും വിദേശ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങ് ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും ബിസിസിഐ നിയമിച്ചിട്ടുണ്ട്. പരിശീലനെന്ന നിലയില്‍ രവി ശാസ്ത്രിയുടെ ആദ്യ കടമ്പ ശ്രീലങ്കന്‍ പര്യടനമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ