ന്യൂഡൽഹി: കൊറോണ വൈറസ് മൂലം നിരവധി കായിക മത്സരങ്ങളും ടൂർണമെന്റുകളുമാണ് റദ്ദാക്കുകയും മാറ്റിവയ്ക്കുകയും ചെയ്തിരിക്കുന്നത്. ഇതിൽ ഒളിമ്പിക്സ് വരെ ഉൾപ്പെടും. ക്രിക്കറ്റിന്റെ അവസ്ഥ സമാനം തന്നെ.

കോവിഡ് ഭീതിയെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചതിന് പിന്നാലെ ഐപിഎല്ലും മാറ്റിവച്ചിരിക്കുകയാണ്, അവസ്ഥ കൂടുതൽ മോശമായാൽ ടൂർണമെന്റ് റദ്ദാക്കുന്നതും പരിഗണനയിലാണ്. അപ്രതീക്ഷിതമായി കിട്ടിയ ഈ ഇടവേള അനുഗ്രഹമായി കാണുകയാണ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി.

കഴിഞ്ഞ കുറച്ച് നാളുകളായി കൃത്യമായ ഇടവേളകളില്ലാതെയായിരുന്നു ഇന്ത്യൻ ടീമിന്റെ മത്സരക്രമമെന്ന് രവി ശാസ്ത്രി പറയുന്നു. മത്സരങ്ങളുടെ ആധിക്യത്തെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പലതവണ ബിസിസിഐയ്ക്കെതിരെ പരോക്ഷ പരാമർശവുമായി രംഗത്തെത്തിയിരുന്നു. ഇതിന് അടിവരയിടുന്നതാണ് പരിശീലകന്റെ പ്രതികരണവും.

Also Read: കോവിഡ്-19: ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടി; പേശികൾ വേദനിച്ചിരുന്നുവെന്ന് പൗലൊ ഡിബാല

“വിശ്രമത്തിനുള്ള ഈ സമയം മോശമായി കാണേണ്ട. ന്യൂസിലൻഡ് പര്യടനത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും മാനസികമായും ശാരീരികമായും മടുപ്പിന്റെ ലക്ഷണങ്ങൾ പലരും പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, പരുക്കിന്റെ ലക്ഷണങ്ങളും കണ്ടു,’ ശാസ്ത്രി പറഞ്ഞു.

ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് മെയ് മാസത്തിൽ പോയതാണ് ടീമിലെ പലരുമെന്നും അതിന് ശേഷം പത്തിനടുത്ത് ദിവസം മാത്രമാണ് വീടുകളിൽ ചെലവഴിച്ചതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ഈ കാലയളവിൽ മൂന്ന് ഫോർമാറ്റിലും കളിച്ച താരങ്ങളുമുണ്ട്. അവർക്ക് മേലുള്ള ഭാരമെത്രയെന്ന് മനസിലാക്കാം. ടി20യിൽ നിന്ന് ടെസ്റ്റിലേക്കും തിരിച്ചും സ്വിച്ച് ചെയ്യണം, അതിന്റെ കൂടെ യാത്രാ ക്ഷീണവും. തങ്ങൾ ഒരുപാട് യാത്രകൾ ചെയ്തെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

ന്യൂസിലൻഡിൽ ഇന്ത്യ കളിച്ച അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും ഉൾപ്പെടുന്ന സുദീർഘമായ പരമ്പരയ്ക്കു ശേഷം തിരിച്ചെത്തിയ താരങ്ങൾക്ക് ഉന്മേഷം വീണ്ടെടുക്കാനുള്ള അവസരമാണ് ഇതെന്നും ശാസ്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര റദ്ദാക്കിയപ്പോൾ തന്നെ ക്രിക്കറ്റും നിശ്ചലമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നതെന്ന് ഉറപ്പായതായും ശാസ്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook