മുംബൈ: സഹീര്‍ ഖാനെയും രാഹുല്‍ ദ്രാവിഡിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപദേശകരായി നിയമിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെയാണ് പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമിന്‍റെ ഉപദേശകനായി ലഭിക്കണമെന്ന ആഗ്രഹവുമായി പരിശീലകന്‍ രവിശാസ്ത്രി രംഗത്തെത്തിയിരിക്കുന്നു. വിദേശ പര്യടനങ്ങളില്‍ ഉപദേശക സ്ഥാനത്ത് സച്ചിനെ വേണമെന്ന ആഗ്രഹമാണ് ശാസ്ത്രി മുന്നോട്ട് വച്ചിട്ടുള്ളതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപദേശകരുടെ കാര്യത്തില്‍ ശാസ്ത്രിയാണ് തീരുമാനം കൈകൊള്ളേണ്ടതെന്ന നിലപാടാണ് ബിസിസിഐക്കും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിക്കുമുള്ളത്. ടീമുമായും നായകനുമായും ചര്‍ച്ച ചെയ്ത് ആവശ്യമുള്ള അവസരങ്ങളില്‍ ഉപദേശകരുടെ സേവനം വിനിയോഗിക്കുന്നതില്‍ ശാസ്ത്രിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലകനും ബൗളിങ്. ബാറ്റിങ്, ഫീല്‍ഡിങ് പരിശീലകരുമാകും അനുഗമിക്കുകയെന്ന് ബിസിസിഐ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രിയെ പരിശീലകനാക്കുന്നതിനോട് വലിയ താത്പര്യം കാണിക്കാതിരുന്ന ഗാംഗുലിയെ സച്ചിനാണ് അനുനയിപ്പിച്ചതെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേരത്തെ പരിശീലകരെ നിശ്ചയിക്കാനുള്ള വിദഗ്ദ സമിതിയുടെ ശുപാർശ മറികടന്ന് സഹീർ ഖാന് പകരം മുൻ ഇന്ത്യൻ താരം ഭരത് അരുണിനെ ഇന്ത്യൻ ടീമിന്റെ ബൗളിങ്ങ് പരിശീലകനായി നിയമിച്ചിരുന്നു. മുഖ്യപരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രവിശാസ്ത്രിയുടെ നിർദേശ പ്രകാരമാണ് ഭരത് അരുണിനെ ബോളിങ്ങ് കോച്ചായി നിയമിക്കുന്നത്. വിനോദ് ഖന്ന അദ്ധ്യക്ഷനായ സമിതിയുമായി രവിശാസ്ത്രി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച​ അന്തിമ തീരുമാനം ഉണ്ടായത്.

സഞ്ജയ് ബംഗാറിനെ രവിശാസ്ത്രിയുടെ സഹപരിശീലകനായി നിയമിച്ചു. നിലവിൽ ഇന്ത്യൻ ടീമിന്റെ ഫിൽഡിങ് കോച്ചായ ആർ. ശ്രീധറിനെ യഥാസ്ഥാനത്ത് നിലനിർത്തിയിട്ടുണ്ട്. ഇന്ന് മുതൽ 2019 ൽ നടക്കുന്ന ലോകകപ്പ് വരെയാണ് കോച്ചിങ്ങ് ടീമിന്റെ നിയമനം. രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ എന്നിവരുടെ പദവി സംബന്ധിച്ച് ബിസിസിഐ ചർച്ച ചെയ്യുമെന്ന് രവിശാസ്ത്രി പറഞ്ഞു.

സഹീർ ഖാനെ ബൗളിങ്ങ് ഉപദേശകനായും, രാഹുൽ ദ്രാവിഡിനെ ബാറ്റിങ്ങ് ഉപദേശകനായും നിയമിക്കണം എന്നായിരുന്നു മുതിർന്ന താരങ്ങളുടെ സമിതി നിർദേശിച്ചിരുന്നുത്. സച്ചിൻ , ഗാംഗുലി, ലക്ഷമൺ എന്നിവരടങ്ങിയ സമിതിയായിരുന്നു പുതിയ പരിശീലകരെ തിരഞ്ഞെടുത്തത് . എന്നാൽ മുഖ്യപരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രവിശാസ്ത്രിയുടെ പിടിവാശിയാണ് ദ്രാവിഡിനെയും , സഹീർ ഖാനെയും ഒഴിവാക്കിയത് എന്ന് വേണം മനസ്സിലാക്കാൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ