ഇന്ത്യന്‍ ടീമിന്റെ പരിശീലകന്റെ കുപ്പായം അണിയുന്നതിന് മുമ്പ് അറിയപ്പെടുന്ന കമന്റേറ്ററായിരുന്നു രവി ശാസ്ത്രി. ട്രേസർ ബുള്ളറ്റ് പോലെയുള്ള അദ്ദേഹത്തിന്റെ പദ പ്രയോഗങ്ങളൊക്കെ ഏറെ പ്രസിദ്ധമാണ്. ഇന്ത്യയുടെ ലോകകപ്പ് ജയത്തിനും ശാസ്ത്രി തന്നെയായിരുന്നു കമന്ററി പറഞ്ഞിരുന്നത്. വാക്കുകള്‍ കൊണ്ട് അമ്മാനം ആടുന്നതില്‍ ശാസ്ത്രിയ്ക്ക് എത്ര മാത്രം മികവുണ്ടെന്ന് ക്രിക്കറ്റ് ആരാധകർക്ക് അറിയുന്നതാണ്. ഇപ്പോഴിതാ ശാസ്ത്രി നടത്തിയൊരു പദ പ്രയോഗം അതിരു കടന്നു പോയെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ചരിത്ര വിജയത്തെ കുറിച്ചുള്ള ശാസ്ത്രിയുടെ പരാമർശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. കളി കഴിഞ്ഞതിന് ശേഷം ചാനലിലെ വിശകലനത്തിനിടെയായിരുന്നു ശാസ്ത്രിയുടെ അശ്ലീല പദപ്രയോഗം. മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ ക്രിക്കറ്റ് താരുമായ ഗവാസ്കർ കളിയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശാസ്ത്രിയുടെ വിവാദമായ പ്രതികരണം.

ശാസ്ത്രിയുടെ വാക്കുകള്‍ കേട്ട് ഗവാസ്കർ പൊട്ടിച്ചിരിച്ചെങ്കിലും ഹിന്ദിയായിരുന്നതിനാല്‍ മറ്റുള്ളവർക്ക് മനസിലായില്ല. അവർ ഗവാസ്കറോട് തർജ്ജമ ചെയ്യാനായി ആവശ്യപ്പെട്ടെങ്കിലും പരുപാടി കുടുംബ പ്രേക്ഷകരും കാണുന്നുണ്ടെന്നും അതുകൊണ്ട് തർജ്ജമ ചെയ്യാനാകില്ലെന്നുമായിരുന്നു ഗവാസ്കർ പറഞ്ഞത്.

ശാസ്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായി. ഇന്ത്യന്‍ ടീമിന്റെ പരിശീലകനില്‍ നിന്നും ഇത്തരം പ്രയോഗം സ്വീകാര്യമല്ലെന്നും വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും ആരാധകർ പറയുന്നു. നിരവധി പേരാണ് ശാസ്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook