ന്യൂഡൽഹി: അനിൽ കുംബ്ലെ രാജിവച്ചൊഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ടീം ഡയറക്ടർ രവി ശാസ്ത്രിയും അപേക്ഷിക്കുന്നു. ഇക്കാര്യം ഇന്ത്യൻ എക്സ്‌പ്രസിനോട് ഇദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം കോച്ചായി നിയമിക്കപ്പെടുമെങ്കിൽ മാത്രമേ അപേക്ഷിക്കൂ എന്ന പ്രചാരണം വിഡ്ഢിത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം അനിൽ കുംബ്ലെയുടെ പകരക്കാരനായി ആരെ നിയമിക്കണമെന്ന ചോദ്യത്തിന് കൂടുതൽ പേരിൽ നിന്ന് അപേക്ഷ തേടിയിരിക്കുകയാണ് ബിസിസിഐ. 2014-2016 കാലത്ത് രവി ശാസ്ത്രി ടീം ഡയറക്ടർ സ്ഥാനത്തിരിക്കേയാണ് ഇന്ത്യ ഏകദിന ലോകകപ്പും ട്വിന്റി ട്വന്റി ലോകപ്പും 2015 ൽ വിജയിച്ചത്.

2016 ലും ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ഇദ്ദേഹം അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനിൽ കുംബ്ലെയ്ക്കാണ് നറുക്ക് വീണത്. ഒരു വർഷം കരാർ പൂർത്തിയാക്കിയ ശേഷമാണ് കുംബ്ലെ ഹെഡ് കോച്ച് സ്ഥാനം രാജിവച്ചത്.

അനിൽ കുംബ്ലെ കോച്ചായിരുന്ന കാലത്ത് വെസ്റ്റ് ഇന്റീസിനെ അവരുടെ നാട്ടിലും പിന്നീട് ഇന്ത്യയിൽ നടന്ന വിവിധ ടെസ്റ്റ് പരമ്പരകളിൽ ന്യൂസിലാന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതിന് ശേഷം നടന്ന പരിമിത ഓവർ മത്സരങ്ങളിലും ഇന്ത്യ തന്നെയായിരുന്നു വിജയി. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഫൈനലിലെത്തിയ ഇന്ത്യ പക്ഷെ പാക്കിസ്ഥാനോട് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുമായി അസ്വാരസ്യത്തിലാണ് ഇന്ത്യൻ ഹെഡ് കോച്ച് അനിൽ കുംബ്ലെയെന്ന് വാർത്തകൾ പരക്കുന്നതിനിടെയായിരുന്നു അനിൽ കുംബ്ലെ സ്ഥാനം രാജിവച്ചത്. ചാംപ്യൻസ് ട്രോഫി കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ തിരുമാനം. വിരാട് കോഹ്ലിക്ക് താൻ ഹെഡ് കോച്ചായി തുടരുന്നതിൽ ബുദ്ധിമുട്ടുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളതായി പിന്നീട് അനിൽ കുംബ്ലെ തന്നെ വ്യക്തമാക്കിയിരുന്നു.

രവി ശാസ്ത്രിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും മറ്റ് ടീം അംഗങ്ങളുമായും നല്ല ബന്ധമാണുള്ളതെന്നാണ് വിലയിരുത്തൽ. 2016 ൽ അനിൽ കുംബ്ലെയെ കോച്ചായി തിരഞ്ഞെടുക്കും മുൻപ് രവി ശാസ്ത്രിയെ നിയമിക്കണമെന്ന താത്പര്യം വിരാട് കോഹ്ലി പങ്കുവച്ചിരുന്നു. ബിസിസിഐയുടെ ഉപദേശക സമിതി അംഗങ്ങളായ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ എന്നിവരോടായിരുന്നു ഈ ആവശ്യം പറഞ്ഞത്. എന്നാൽ ഉപദേശക സമിതി ഈ ആവശ്യം തള്ളി കുംബ്ലെയെ നിയമിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ