മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി ബിസിസിഐ ഉപദേശക സമിതി തിരഞ്ഞെടുത്തത് രവി ശാസ്ത്രിയെ തന്നെയാണെന്ന് സ്ഥിരീകരിച്ചു. ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ.ഖന്നയാണ് രവി ശാസ്ത്രിയെ തിരഞ്ഞെടുത്ത വിവരം ഇന്നലെ രാത്രി വൈകി സ്ഥിരീകിച്ചത്.

അതേസമയം തന്നെ, ടീമിന്റെ ബൗളിംഗ് കോച്ചായി ദീർഘകാലം ഇന്ത്യൻ പേസ് നിരയെ നയിച്ച സഹീർഖാനെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ വിദേശ പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റ് പദവിയിലേക്ക് രാഹുൽ ദ്രാവിഡിനെയും തിരഞ്ഞെടുത്തു. ഇതോടെ രവി ശാസ്ത്രിയുടെ ചുമതലകളിലും കുറവുണ്ട്.

മുംബൈയില്‍ ബിസിസിഐ ആസ്ഥാനത്ത് ചേര്‍ന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് മുഖ്യപരിശീലകനെയടക്കം തിരഞ്ഞെടുത്തത്. ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷമണന്‍ എന്നിവര്‍ നേരിട്ടും മറ്റൊരംഗമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടെലി കോണ്‍ഫറന്‍സിലൂടെയും യോഗത്തില്‍ പങ്കെടുത്തു. 2019 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുടെ നിയമനം.

2014-16 കാലത്ത് ഇന്ത്യൻ ടീമിന്റെ മാനേജർ സ്ഥാനം വഹിച്ചിരുന്ന രവി ശാസ്ത്രിയ്ക്ക് ഇന്ത്യൻ ടീമംഗങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. വിരാട് കോഹ്ലിയുമായി ഇദ്ദേഹത്തിനുള്ള സൗഹൃദം കോച്ച് സ്ഥാനത്തേക്കുള്ള വളർച്ചയ്ക്ക് ഗുണകരമായി. അവസാന ഘട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗും രവി ശാസ്ത്രിയും തമ്മിൽ കടുത്ത മത്സരമുണ്ടായിരുന്നു. എന്നാൽ വിരാട് കോഹ്ലിയുടെ അഭിപ്രായം പരിഗണിച്ചാണ് ശാസ്ത്രിക്ക് നറുക്ക് വീണത്.

നേരത്തേ കോച്ചിന്റെ കടുത്ത നിലപാടുകളുമായി ഒത്തു പോകാനാവുന്നില്ലെന്ന് ഇന്ത്യൻ നായകനായ വിരാട് കോഹ്ലി ബിസിസിഐ യോട് പരാതിപ്പെട്ടിരുന്നു. ടീം ഇന്ത്യയുടെ മുൻ കോച്ചായിരുന്ന അനിൽ കുംബ്ലെ ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിവച്ചത്. ഒരു വർഷം കാലാവധി പൂർത്തിയാക്കിയതോടെയാണ് രാജി. ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റ് രണ്ട് ദിവസത്തിനകം തന്നെ അനിൽ കുംബ്ലെ രാജിവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ