മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്നും ശക്തമാവുകയാണ്. മുന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയും സുനില്‍ ഗവാസ്‌കറുമടക്കമുള്ളവര്‍ ശാസ്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും യുപി സ്‌പോര്‍ട്‌സ് മന്ത്രിയുമായ ചേതന്‍ ചൗഹാനും രംഗത്തെത്തിയിരിക്കുകയാണ്.

നവംബറില്‍ തുടങ്ങുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് തന്നെ ശാസ്ത്രിയെ പുറത്താക്കണമെന്നാണ് ചേതന്‍ ചൗഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രവി ശാസ്ത്രി നല്ല കമന്റേറ്ററാണെന്നും അദ്ദേഹത്തെ ആ പണി ചെയ്യാന്‍ വിട്ടാല്‍ മതിയെന്നും ചേതന്‍ ചൗഹാന്‍ പറഞ്ഞു.

അതേസമയം ഇന്ത്യയുടെ പരാജയത്തിന് കാരണമായത് ഇംഗ്ലണ്ടിന്റെ വാലറ്റത്തെ ചെറുക്കാന്‍ സാധിക്കാതെ പോയതാണെന്നും ചൗഹാന്‍ പറഞ്ഞു. കൂടാതെ വിദേശത്ത് ഏറ്റവും നന്നായി കളിക്കുന്ന ഇന്ത്യന്‍ ടീമെന്ന ശാസ്ത്രിയുടെ വിവാദമായ പരാമര്‍ശത്തേയും അദ്ദേഹം വിമര്‍ശിച്ചു. 1980 കളിലെ ടീമാണ് വിദേശത്ത് മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ടീമെന്ന് അദ്ദേഹം പറഞ്ഞു. ട്രെന്റ്ബ്രിഡ്ജില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോഴാണ് കോഹ്‌ലിയുടെ ടീമിനെ മികച്ച ഇന്ത്യന്‍ ടീമെന്ന് രവി ശാസ്ത്രി വിശേഷിപ്പിച്ചിരുന്നത്.

അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തില്‍ നിന്നും ടീമിനെ തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യവുമായാണ് പരിശീലകന്‍ രവി ശാസ്ത്രിയെത്തിയിരിക്കുന്നത്. ഹോങ്കോങ്ങാണ് ഇന്ത്യയുടെ ആദ്യ എതിരാളി. പിന്നാലെ പാക്കിസ്ഥാനേയും നേരിടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ