ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഏഴാമതും ചാമ്പ്യന്മാരായിരുന്നു. ഇത്തവണ രോഹിത് ശർമ്മയുടെ നായകത്വത്തിലായിരുന്നു ഇന്ത്യ കിരീടം നേടിയത്. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതോടെയാണ് രോഹിത് നായക സ്ഥാനം ഏറ്റെടുത്തത്.

വിരാട് കോഹ്‌ലി ഏഷ്യ കപ്പിൽനിന്നും വിട്ടുനിന്നതിനെ മുൻ പാക് താരം തൻവീർ അഹമ്മദ് വിമർശിച്ചിരുന്നു. നടുവേദന സഹിച്ചും ഇംഗ്ലണ്ടിൽ നടന്ന മൽസരങ്ങളിൽ ഇന്ത്യയ്ക്കു വേണ്ടി കോഹ്‌ലിക്ക് കളിക്കാനായെങ്കിൽ ഏഷ്യ കപ്പിലും കളിക്കാൻ സാധിക്കുമെന്നായിരുന്നു തൻവീർ പറഞ്ഞത്.

ഏഷ്യ കപ്പിൽനിന്നും കോഹ്‌ലി വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ”വിരാടിന് ഈ വിശ്രമം ആവശ്യമാണ്. വിരാടിന് കായികക്ഷമതയുണ്ട്. വിരാട് കളിക്കാൻ തുടങ്ങിയാൽ അദ്ദേഹത്തിന്റെ കളിയുടെ ലെവൽ എന്താണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ വിരാടിന് വിശ്രമം അനുവദിച്ചത് മാനസികമായിട്ടു കൂടിയാണ്. ഒരു ചെറിയ ബ്രേക്കെടുത്ത്, ക്രിക്കറ്റിൽനിന്നും മാറിനിന്നശേഷം തിരികെ ഫ്രഷ് ആയിട്ട് വരാനാണ് വിശ്രമം നൽകിയത്”, രവി ശാസ്ത്രി പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വിരാടിനു മാത്രമല്ല മറ്റുളള കളിക്കാർക്കും ഇത് ആവശ്യമാണെന്ന് രവി ശാസ്ത്രി പറഞ്ഞു. ”മറ്റു കളിക്കാർക്കും വിശ്രമം അനുവദിക്കും. ബുംമ്ര ( (ജസ്പ്രീത് ബുംമ്ര), ഭുവി (ഭുവനേശ്വർ കുമാർ) തുടങ്ങിയ കളിക്കാർക്ക് വിശ്രമം അനുവദിച്ച് അവരെ എനർജറ്റിക് ആയി നിലനിർത്തേണ്ടതുണ്ട്”, ശാസ്ത്രി പറഞ്ഞു.

ഓക്ടോബർ നാലിന് തുടങ്ങുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് വിരാട് കോഹ്‌ലിയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ടീമിൽനിന്നും ശിഖർ ധവാനെ ഒവിവാക്കിയിരുന്നു. ബോളർമാരായ ബുംമ്ര, ഭുവനേശ്വർ എന്നിവർക്ക് വിശ്രമം അനുവദിച്ചു. പൃഥ്വി ഷാ, മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook