മുംബൈ: ട്വിസ്റ്റുകളില്ല, ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രിയെ തന്നെ വീണ്ടും തിരഞ്ഞെടുത്തു. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. മുംബൈയില്‍ നടന്ന അഭിമുഖത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
സ്കൈപ്പിലൂടെയായിരുന്നു ശാസ്ത്രി അഭിമുഖത്തില്‍ പങ്കെടുത്തത്. മുന്‍ ഇന്ത്യന്‍ താരം റോബിന് സിങ്, ലാല്‍ചന്ദ് രജ്പുത്, ടോം മൂഡി, മൈക്ക് ഹെസന് തുടങ്ങിയവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. പട്ടികയിലുണ്ടായ വിന്ഡീസുകാരന് ഫില്‍ സിമ്മണ്‍സ് അവസാന നിമിഷം പിന്മാറിയിരുന്നു. കപില്‍ ദേവ്, അന്ഷുമന് ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയതാണ് കമ്മിറ്റി.
2017 മുതല്‍ രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്തുണ്ട്. ശാസ്ത്രിയുടെ കീഴിലാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. 2018 ല്‍ ഏഷ്യാ കപ്പും നേടിയിരുന്നു. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ കളിച്ച 21 ടെസ്റ്റുകളില്‍ 13 എണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. 36 ടി20 കളില്‍ 25 ഉം ജയിക്കാനായി. ഏകദിനത്തില്‍ 60 ല്‍ 43 കളികളിലും ഇന്ത്യ ജയിച്ചു.
ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിയുടെ പൂര്‍ണ പിന്തുണയുണ്ട് രവി ശാസ്ത്രിയ്ക്കെന്നതും തീരുമാനത്തിലേക്ക് എത്താന്‍ കാരണമായി. 2021 ടി20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി. ഇത് മൂന്നാം തവണയാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്. ലോകകപ്പോടെ കാലാവധി അവസാനിച്ച ശാസ്ത്രിയ്ക്ക് 45 ദിവസത്തേക്ക് പദവി നീട്ടികൊടുക്കുകയായിരുന്നു.