ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പുതിയ നായകന്‍ രോഹിത് ശര്‍മയും ടീം മാനേജ്മെന്റും ഇനി നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി. അടുത്തിടെയാണ് രോഹിത് ശര്‍മയെ ഇന്ത്യയുടെ ട്വന്റി 20, ഏകദിന ടീമുകളുടെ നായകനായി പ്രഖ്യാപിച്ചത്. ശാസ്ത്രിയുടെ കീഴില്‍ ഐസിസി കിരീടങ്ങളില്ലെങ്കിലും സ്വപ്നതുല്യമായ പല നേട്ടങ്ങളും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
പ്രധാനമായും ശാസ്ത്രി എടുത്ത് പറഞ്ഞിരിക്കുന്ന ഇന്ത്യയുടെ ബോളിങ് നിരയെക്കുറിച്ചാണ്. “പേസ് ബോളര്‍മാര്‍ക്ക് പ്രായമേറുകയാണ്. അവരില്‍ നിന്ന് കഴിഞ്ഞ കാലങ്ങളിലെ പോലെ സമാന പ്രകടനങ്ങള്‍ പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. യുവത്വവും പരിചയസമ്പത്തും കൂടിച്ചേര്‍ന്ന നിരയാണ് വേണ്ടത്. അതിനായി ഇപ്പോള്‍ തന്നെ യുവതാരങ്ങളെ പരിശീലിപ്പിച്ച് അവസരം നല്‍കി മുന്‍നിരയിലേക്ക് എത്തിക്കേണ്ടതുണ്ട്,” ശാസ്ത്രി പറഞ്ഞു.
“ഏറ്റവും വലിയ വെല്ലുവിളി എന്നത്, 2023 ല്‍ കളിക്കാന്‍ കഴിയുന്ന അഞ്ച് മികച്ച ബോളര്‍മാരെ കണ്ടെത്തുക എന്നതാണ്. 2023 ലോകകപ്പിനെ സംബന്ധിച്ച് ഇന്ത്യയില്‍ അത് എളുപ്പമായിരിക്കും. കാരണം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. പക്ഷെ വിദേശ രാജ്യങ്ങളില്‍ അത് എളുപ്പമാകില്ല. ഒരു ഒന്നര വര്‍ഷത്തേക്ക് കാര്യങ്ങള്‍ മുന്നോട്ട് പോകും. എന്നാല്‍ അതിന് ശേഷം പുതിയ താരങ്ങളെ കണ്ടെത്തേണ്ടതായി വരും,” ശാസ്ത്രി വ്യക്തമാക്കി.
അടുത്ത രണ്ട് വര്‍ഷത്തിനിടെ രണ്ട് പ്രധാനപ്പെട്ട ലോകകപ്പുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഒന്ന് ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 2022 ട്വന്റി 20 ലോകകപ്പ്. മറ്റൊന്ന് ഇന്ത്യ പ്രധാന വേദിയാകുന്ന ഏകദിന ലോകകപ്പ്. കഴിഞ്ഞ എട്ട് വര്‍ഷമായ ഐസിസി കിരീടങ്ങള്‍ നേടാനാകുന്നില്ല എന്ന വലിയ ഭാരമാണ് രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ടിന് മുകളിലുള്ളത്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദവും ഏറെയായിരിക്കും.
Also Read: IND vs SA First Test, Day 4: ഇന്ത്യ 174 ന് പുറത്ത്; ദക്ഷിണാഫ്രക്കയ്ക്ക് 305 റണ്‍സ് വിജയലക്ഷ്യം