ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് വികാരഭരിതനായി രവി ശാസ്ത്രിയുടെ പടിയിറക്കം. അവിശ്വസിനീയം എന്നാണ് തന്റെ ഏഴ് വര്‍ഷത്തെ പരിശീലന കാലഘട്ടത്തെ ശാസ്ത്രി നന്ദിക്കുറിപ്പില് വിശേഷിപ്പിച്ചത്.
“എന്നെ ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമാക്കിയതിന് വളരെ നന്ദി. ഈ ടീമനൊപ്പമുള്ള ഓര്‍മകള്‍ ഞാന്‍ എന്നും കാത്തുസൂക്ഷിക്കും. എനിക്ക് ക്രിക്കറ്റ് കാണാന്‍ കഴിയുന്നിടത്തോളം കാലം ടീമിനെ പിന്തുണയ്ക്കുകയും ചെയ്യും,” ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചു.
മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ എന്നിവരെ പരാമര്‍ശിച്ചുകൊണ്ടാണ് ശാസ്ത്രിയുടെ ട്വീറ്റ്. മൂവരും വിവിധ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക ഘടകങ്ങളാണ്.
2014 ലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ശാസ്ത്രി എത്തിയത്. ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കിലെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താനും ഇന്ത്യക്കായി.
എന്നാല്‍ പടിയിറക്കം ആഘോഷമാക്കാന്‍ ശാസ്ത്രിക്ക് കഴിഞ്ഞില്ല. ശാസ്ത്രിയുടെ അവസാന ടൂര്‍ണമെന്റായ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായി. പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും വഴങ്ങിയ തോല്‍വികളാണ് ഇന്ത്യക്ക് തിരിച്ചടിയായത്.