മുംബൈ: രവി ശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി തിരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന ബിസിസിഐ ഉപദേശക സമിതിയോഗത്തിലാണ് തീരുമാനം. നേരത്തേ ക്യാപ്റ്റൻ കോഹ്ലിയുമായും ഇന്ത്യൻ ടീമംഗങ്ങളുമായുള്ള അടുപ്പം പരിഗണിച്ച് രവി ശാസ്ത്രിയെ കോച്ചാക്കിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

നേരത്തേ കോച്ചിനെ തിരഞ്ഞെടുക്കും മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ നാായകൻ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇ​ന്ത്യ​ൻ ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​ശേ​ഷ​മാണ് കോച്ചിനെ തീരുമാനിച്ചതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

2019 ലോകകപ്പ് വരെയാണ് നിയമനം. അവസാന ഘട്ട ഇന്റർവ്യൂവിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്, ടോം മൂഡ്, റിച്ചാർഡ് പൈബസ്, ലാൽചന്ദ് രജ്പുത് എന്നിവരാണ് രവി ശാസ്ത്രിക്ക് ഒപ്പമുണ്ടായിരുന്നത്. ഇതിന് ശേഷം വിരാട് കോഹ്ലിയുടെ അഭിപ്രായം കൂടി ആരാഞ്ഞാണ് രവി ശാസ്ത്രിയെ ഹെഡ് കോച്ചായി നിയമിച്ചത്.

നേരത്തേ ഹെഡ് കോച്ചായിരുന്ന മുൻ ഇന്ത്യൻ താരവും ലോകോത്തര സ്പിൻ ബൗളറുമായ അനിൽ കുംബ്ലെ രാജിവച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കോച്ച് അനിൽ കുംബ്ലെയും അസ്വാരസ്യത്തിലാണ് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കുംബ്ലെ രാജിവച്ചത്.

ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണ്ണമെന്റ് ഫൈനലിൽ പാക്കിസ്ഥാനോടേറ്റ തോൽവിക്ക് പി
ന്നാലെയാണ് കുംബ്ലെ രാജിവച്ചത്. നായകനുമായുള്ള അസ്വാരസ്യം തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

നേരത്തേ കുംബ്ലെയെ തിരഞ്ഞെടുത്ത ഇന്റർവ്യൂവിൽ തന്നെ രവി ശാസ്ത്രിയോടുള്ള താത്പര്യം വിരാട് കോഹ്ലി തുറന്നു പറഞ്ഞിരുന്നു. എന്നാൽ ലക്ഷ്മണും സച്ചിനും ഗാംഗുലിയും അടങ്ങിയ ബിസിസിഐ ഉപദേശക സമിതി അനിൽ കുംബ്ലെയെ തിരഞ്ഞെടുക്കുകയായിരുന്നു.

അനിൽ കുംബ്ലെയുടെ കർശന കോച്ചിംഗ് രീതിയോട് വിയോജിച്ചതോടെയാണ് കോച്ചും ടീമും രണ്ട് നിരയിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ