ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെ കുറിച്ച് നിലപാട് വ്യക്തമാക്കി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ധോണിയെ ഒന്നിനും നിര്‍ബന്ധിക്കില്ലെന്ന് ശാസ്ത്രി പറഞ്ഞു. “ധോണി ഒരു മഹാനായ കളിക്കാരനാണ്. ഭാവിയെ കുറിച്ച് അദ്ദേഹം തന്നെയാണ് തീരുമാനമെടുക്കേണ്ടത്. ഇപ്പോള്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ധോണി കളിക്കുന്നുണ്ട്. അതിനുശേഷം അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമില്‍ തുടരണമോ വേണ്ടയോ എന്ന് ധോണി തന്നെ തീരുമാനിക്കും.” ശാസ്ത്രി പറഞ്ഞു.
എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ വ്യക്തത കുറവില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ച് ആലോചിക്കാൻ സമയമുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാകുമെന്നും സൗരവ് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.
Read Also: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
2020 ലെ ഐപിഎല്‍ സീസണോടെ ധോണിയുടെ ഭാവിയെ കുറിച്ച് വ്യക്തത ലഭിക്കുമെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. “സമയമുണ്ട്, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് കാണാം. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ എല്ലാറ്റിനും ഒരു തീരുമാനമാകും.” ഗാംഗുലി പറഞ്ഞു.
“ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് വ്യക്തതയുണ്ട്. ചില കാര്യങ്ങള്‍ പൊതു സദസില്‍ പറയാന്‍ സാധിക്കില്ല. സമയമാകുമ്പോള്‍ നിങ്ങള്‍ എല്ലാം കൃത്യമായി അറിയും. ക്രിക്കറ്റ് ബോര്‍ഡിനും സെലക്ടര്‍മാര്‍ക്കും ഇടയില്‍ ധോണി വിഷയത്തെ കുറിച്ച് സുതാര്യതയുണ്ട്. ചില കാര്യങ്ങള്‍ വളരെ രഹസ്യമായി വേണം ആലോചിക്കാനും ചര്‍ച്ച ചെയ്യാനും. സമയമാകുമ്പോള്‍ എല്ലാം വെളിവാക്കപ്പെടും. എക്കാലത്തും ഇന്ത്യയുടെ മികച്ച കായിക താരമാണ് എം.എസ്.ധോണി” ഗാംഗുലി പറഞ്ഞു.