Tokyo Olympics 2021: ഹരിയാനയിലെ നഹാരി എന്ന കൊച്ചു ഗ്രാമം ഇന്ന് അതിയായ സന്തോഷത്തിലാണ്. ടോക്കിയോയില്‍ നഹാരിയില്‍ നിന്ന് വളര്‍ന്ന വന്ന പയ്യന് രാജ്യത്തിന്റെ തന്നെ അഭിമാനമായിരിക്കുകയാണ്. പറഞ്ഞു വരുന്നത് ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ പോരാട്ടത്തിന് ഇറങ്ങുന്ന രവി കുമാര്‍ ദഹിയയുടെ കാര്യമാണ്.

“ഇപ്പോള്‍ മെഡല്‍ വന്നു. ആശുപത്രിയും വൈകാതെ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗ്രാമവാസികള്‍ കൃത്യമായി വെള്ളവും, കറന്റും ലഭിക്കാനായി കാത്തിരിക്കുകയാണ്. ഇനി കാര്യങ്ങളെല്ലാം മാറും,” രവി കുമാറിന്റെ പിതാവ് രാകേഷ് പറഞ്ഞു.
57 കിലോ ഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്‍ താരത്തിനെതിരെ ആയിരുന്നു രവിയുടെ പോരാട്ടം. മത്സര ശേഷം റഫറി രവിയുടെ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ ഗ്രാമത്തിലുള്ളവര്‍ ആര്‍ത്തു വിളിച്ചു. പക്ഷെ രാകേഷ് ടി.വിയില്‍ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
സോനിപതില്‍ നിന്നും ഏകദേശം 10 കിലോ മീറ്റര്‍ അകലെയാണ് നഹരി എന്ന ഗ്രാമം. പകല്‍ സമയത്ത് രണ്ടും, വൈകുന്നേരം ആറ് മണിക്കൂറുമാണ് ഗ്രാമത്തില്‍ കറന്റ് ലഭിക്കുന്നത്. രവിയുടെ മത്സരമുള്ളതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമത്തിലെ പതിവ് പവര്‍ കട്ട് ഇല്ലായിരുന്നു.