ലോക ടി20 ക്രിക്കറ്റ് ലോകത്ത് ഇന്ന് റാഷിദ് ഖാൻ അതിശയിപ്പിക്കുന്ന ബാറ്റ്സ്‌മാനാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ക്രിക്കറ്റ് ലോകത്ത് സമാനതകളില്ലാത്ത വിധം വളർന്ന ഈ അഫ്‌ഗാൻ താരം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.

അഫ്‌ഗാനെ സംബന്ധിച്ച് ലോവർ മിഡിൽ ഓർഡർ ബാറ്റ്സ്‌മാനായ റാഷിദ് ഖാൻ അവരുടെ ബെസ്റ്റ് ഫിനിഷറാണ്.  ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ടി10 ലീഗിൽ മാറാത്ത അറേബ്യൻസും പക്‌തൂൻസും തമ്മിലുളള മത്സരത്തിലാണ് ഈ താരത്തിന്റെ മികവ് ഒന്നുകൂടി തെളിഞ്ഞത്.

ഒൻപതാം ഓവറിലാണ് റാഷിദ് ബാറ്റ് ചെയ്യാനെത്തിയത്. ഏഴടിയും ഒരിഞ്ചും നീളമുളള മുഹമ്മദ് ഇർഫാനാണ് ഈ സമയത്ത് പന്തെറിയാനുണ്ടായിരുന്നത്. എന്നാൽ മുട്ടുവിറയ്ക്കാതെ ബാറ്റ് വീശിയ റാഷിദ് ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി.

താനത്ര ചില്ലറക്കാരനല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇർഫാന്റെ രണ്ടാം ബോൾ. അതിൽ റണ്ണെടുക്കാൻ റാഷിദിന് സാധിച്ചില്ല. എന്നാൽ വിട്ടുകൊടുക്കില്ലെന്ന ഉറച്ച മനസോടെയാണ് മൂന്നാം പന്ത് റാഷിദ് നേരിട്ടത്.

ധോണിയുടെ കൈയ്യൊപ്പ് പതിഞ്ഞ ഹെലികോപ്റ്റർ ഷോട്ടാണ് മൂന്നാം പന്തിൽ ഉയർത്തിയത്.  അതും ധോണിയുടെ ഷോട്ട് അതേപടി കോപ്പിയടിച്ചാണ് റാഷിദ് ഖാൻ കണ്ടുനിന്നവരെയാകെ ഒരേ പോലെ ഞെട്ടിച്ചത്.

മറാത്ത അറേബ്യൻസിന്റെ കോച്ചായ വീരേന്ദർ സെവാഗ് പോലും ഈ അടി പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹവും റാഷിദ് ഖാന്റെ പ്രകടനം കണ്ട് ഞെട്ടി.

പിന്നീട് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ച റാഷിദ് ഹെലികോപ്റ്റർ ഷോട്ടിന്റെ ഉപജ്ഞാതാവായ ധോണിക്ക് സമർപ്പിക്കുകയും ചെയ്തു ഇത്.

റിഷഭ് പന്ത് അടക്കമുളള ക്രിക്കറ്റർമാർ റാഷിദ് ഖാന് അഭിനന്ദനം പറഞ്ഞ് രംഗത്തെത്തി.