ഐസിസിയുടെ മികച്ച ട്വന്റി20 ബൌളിംഗ് താരങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20യിലെ മികച്ച പ്രകടനമാണ് റാഷിദിന് മുതല്‍കൂട്ടായത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 8 വിക്കറ്റുകള്‍ നേടിയ റാഷിദിന് 4.45 ആണ് ഇക്കോണമി റൈറ്റ്. അഫ്ഗാന് വേണ്ടി നടത്തിയ മികച്ച പ്രകടനം തന്റെ കരിയര്‍ ബെസ്റ്റായ 816 പോയന്റിലേക്കും റാഷിദിനെ ഉയര്‍ത്തി. പിന്നാലെയുളള പാക്കിസ്ഥാന്റെ ഷദാബ് ഖാനെക്കാള്‍ 80 പോയിന്റ് റാഷിദ് അധികമായി നേടി.

ടീം അംഗമായ മുഹമ്മദ് നബിയും മികച്ച പ്രകടനത്തോടെ ഐസിസി പട്ടികയില്‍ കുതിപ്പ് നടത്തി. മൂന്ന് മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ നേടിയ നബി എട്ടാം സ്ഥാനത്താണുളളത്. 62ാം സ്ഥാനത്തായിരുന്ന മുജീബുറഹ്മാന്‍ 51ാം സ്ഥാനത്തെത്തി. മൂന്ന് സ്പിന്നര്‍മാരും അഫ്ഗാന് മികച്ച സംഭാവനയാണ് നല്‍കിയത്.

റാഷിദ് ഖാന്റെ മാസ്മരിക ബോളിംഗാണ് ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലും വിജയമുറപ്പിച്ചത്. ഡത്ത് ഓവറുകളില്‍ തന്റെ കഴിവ് റാഷിദ് വീണ്ടും തെളിയിക്കുകയായിരുന്നു. 18-ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ റാഷിദ് തന്നെയായിരുന്നു 20-ാം ഓവറും എറിയാനെത്തിയത്. അപ്പോള്‍ ബംഗ്ലാദേശിനു വേണ്ടിയത് 9 റണ്‍സ്. എന്നാല്‍ ഓവറില്‍ 2 വിക്കറ്റ് സ്വന്തമാക്കി കളി അഫ്ഗാന്‍ വരുതിയിലാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. ബംഗ്ലാദേശ് 144 ല്‍ അവസാനിക്കുകയായിരുന്നു.

അവസാന മൂന്ന് ഓവറുകളില്‍ 33 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ബംഗ്ലാദേശിനെ റാഷിദ് വരിഞ്ഞ് മുറുക്കി. 18-ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് റാഷിദ് വിട്ടുനല്‍കിയത്. 19-ാം ഓവറില്‍ കരീം 21 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറില്‍ റാഷിദ് കളി പിടിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് 7 റണ്‍സ് മാത്രമാണ് നേടാനായത്. പരമ്പരയിലെ താരമായി റാഷിദ് ഖാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ