സെന്റ് ലൂസിയ: ലെഗ്സ്പിന്നർ റാഷിദ് ഖാൻ റെക്കോർഡ് പ്രകടനം പുറത്തെടുത്തപ്പോൾ വെസ്റ്റ്ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാന് ചരിത്ര ജയം. 63 റൺസിനാണ് അഫ്ഗാനിസ്ഥാൻ കരീബിയൻസിനെ വീഴ്ത്തിയത്. 18 റൺസ് മാത്രം വിട്ട് കൊടുത്താണ് റാഷിദ് ഏഴ് വിക്കറ്റ് നേടിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ പ്രകടനമാണ് റാഷിദിന്റേത്.

വെസ്റ്റ്ഇൻഡീസിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിലെ ആദ്യമത്സരത്തിലാണ് ആഫ്ഗാനിസ്ഥാൻ വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് കരസ്ഥമാക്കി. 81 റൺസെടുത്ത ജാവേദ് അഹ്മദിയുടെ പോരാട്ടമാണ് അഫ്ഗാന് മാന്യമായ സ്കോർ നഷകിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് റാഷിദ് ഖാന്റെ മാസ്മരിക പ്രകടനത്തിന് മുന്നിൽ മറുപടി ഇല്ലായിരുന്നു. 149 റൺസെടുക്കുന്നതിനിടെ വെസ്റ്റ്ഇൻഞ്ഞീസിന്റെ എല്ലാ കളിക്കാരും പുറത്തായി. ഷായ് ഹോപ്, ജെയ്സൺ മുഹമ്മദ്, റോസ്റ്റൺ ചെയ്സ്, ജെയ്സൺ ഹോൾഡർ, ആഷ്ലി നഴ്സ്, അൽസാരി ജോസഫ്, മിഗേൽ കുമ്മിൻസ് എന്നിവരാണ് റാഷിദിന്റെ ഇരകളായത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായ റാഷിദ് ഖാൻ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 17 റൺസും റാഷിദ് ഖാൻ ഐപിഎല്ലിൽ സ്വന്തമാക്കി. ബിഗ് ബാഷ് ലീഗിലെ സിഡ്നി സിക്സേഴ്സ് എന്ന ടീമിൽ റാഷിദ് കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ