ഇരുപതാം വയസിൽ തന്നെ രാജ്യാന്തര ക്രിക്കറ്റിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അഫ്ഗാൻ താരം റാഷിദ് ഖാൻ. അഫ്ഗാനിസ്ഥാനെ ക്രിക്കറ്റ് ലോകത്ത് മുൻ നിരയിലേയ്ക്ക് എത്തിക്കാനും നിർണ്ണായക പങ്ക് വഹിച്ച താരമാണ് റാഷിദ് ഖാൻ. നിലവിൽ ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തും ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുമാണ് താരം. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേയ്ക്ക് മടങ്ങിവന്ന റാഷിദ് അയർലൻഡിനെതിരെ പതിനൊന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.
Also Read: രണ്ടാം ടി20: വിക്കറ്റ് വേട്ടയിൽ ചരിത്രം കുറിയ്ക്കാൻ ബുംറ
അതിനിടയിലാണ് ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച നാല് ബോളർമാരെ തിരഞ്ഞെടുത്ത് റാഷിദ് വാർത്തയിൽ ഇടം പിടിക്കുന്നത്. ഇഎസ്‍പിഎൻ ക്രിക്കറ്റ് ഇൻഫോയുമായി നടത്തിയ അഭിമുഖത്തിലാണ് താരം മികച്ച നാല് ബോളർമാരെ തിരഞ്ഞെടുത്തത്. ഇതിൽ രണ്ട് താരങ്ങൾ ഇന്ത്യക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത. പേസർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയുമാണ് റാഷിദിന്റെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ.
മൂന്ന് പേസർമാരാണ് റാഷിദ് ഖാൻ തിരഞ്ഞെടുത്ത പട്ടികയിലുൾപ്പെട്ടിരിക്കുന്നത്, ഒരാൾ സ്‌പിന്നറാണ്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയും ഇന്ത്യൻ താരങ്ങളായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയുമാണ് പേസർമാർ. തന്റെ സഹതാരമായ മുജീബ് ഉർ റഹ്മാനെയെയും റാഷിദ് പട്ടികയിൽ ഉൾപ്പെടുത്തി.
Also Read: നാല് പന്ത്, നാല് വിക്കറ്റ്; റാഷിദിന്റെ മാജിക്ക് ഷോ തുടരുന്നു, കണ്ണ് ചിമ്മാതെ ലോകം
അയർലൻഡിനെതിരായ ടി20 പരമ്പര അഫ്ഗാനിസ്ഥാൻ തൂത്തുവാരുകയായിരുന്നു. ഒരു ഹാട്രിക് ഉൾപ്പെടെയാണ് റാഷിദ് ഖാൻ പരമ്പരയിൽ പതിനൊന്ന് വിക്കറ്റ് വീഴ്ത്തിയത്. നിലവിൽ 200 വിക്കറ്റ് നേട്ടത്തിൽ എത്താൻ അഞ്ച് വിക്കറ്റുകൾ കൂടി മാത്രമാണ് റാഷിദ് ഖാന് വേണ്ടത്.