കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് സ്‌ഫോടനമുണ്ടായത്. ലോകത്തെ നമ്പര്‍ വണ്ട ട്വന്റി-20 ബൗളറായ റാഷിദ് ഖാന്റെ സ്വന്തം നാടാണ് ജലാലാബാദ്.

രാത്രി 11 മണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. പ്രാദേശിക ടൂര്‍ണമെന്റിനിടെയായിരുന്നു അപകടമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിച്ച സഹീര്‍ എന്ന യുവാവുമുണ്ടായിരുന്നു. സമാധാനം പുനസ്ഥാപിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്.

സമൂഹ നന്മ ലക്ഷ്യമിട്ട് ടൂര്‍ണമെന്റ് നടത്തുകയും കൊല്ലപ്പെടുകയും ചെയ്ത സഹീറിന് റാഷിദ് ഖാന്‍ ്ട്വിറ്ററിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നു. ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ റാഷിദ് ഇന്ത്യയിലാണ്. നെന്‍ഗ്രഹാര്‍ നഗരത്തെ തിളങ്ങുന്നതാക്കാന്‍ താങ്കള്‍ ഒരുപാട് ശ്രമിച്ചെന്നും ആദരാഞ്ജലികളുമെന്നുമായിരുന്നു റാഷിദിന്റെ ട്വീറ്റ്.

അതേസമയം, അപകട സമയം അഫ്ഗാന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കരീം സാദിഖ് സംഭവസ്ഥലത്തുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ട താരം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റും ശ്രമിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്.

അപകടവും ഭീതിയുമെല്ലാം നിറഞ്ഞ ജീവിതത്തിനിടയിലും ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്നവരാണ് തങ്ങളെന്ന് പറഞ്ഞ അഫ്ഗാന്‍ താരങ്ങളെ ആദരവോടെയാണ് കായിക ലോകം സ്വീകരിക്കുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് സന്തോഷം കൊണ്ടു വരുന്നതാണ് ക്രിക്കറ്റെന്നായിരുന്നു അഫ്ഗാന്‍ നായകന്‍ ഷഫീഖ് സ്റ്റാനിക്‌സായ് പറഞ്ഞത്. സംഭവത്തില്‍ അപലപിച്ച് ഐസിസിയും ലോക ക്രിക്കറ്റ് താരങ്ങളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ