ഡെറാഡൂണ്‍: ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന്‍. അയര്‍ലന്‍ഡിനെതിരായ ഹാട്രിക് പ്രകടനത്തോടെയായിരുന്നു റാഷിദ് ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചത്. തുടരെ തുടരെ നാലു വിക്കറ്റുകളാണ് ഇന്നലെ റാഷിദ് വീഴ്ത്തിയത്. ഇതോടെ ടി20യില്‍ അടുത്തടുത്ത പന്തുകളില്‍ നാല് വിക്കറ്റ് നേടുന്ന ആദ്യ താരവുമായി മാറി റാഷിദ്. ടി20യില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ താരമാണ് റാഷിദ്.
മാജിക് സ്പിന്നറുടെ മികവില്‍ പരമ്പര 3-0 അഫ്ഗാന്‍ തൂത്തുവാരി. അഫ്ഗാന്‍ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം നേരിടാനിറങ്ങിയ അയര്‍ലന്‍ഡ് 178 റണ്‍സ് വരെ മാത്രമേ എത്തിയുള്ളൂ. ഇതിനിടെ എട്ട് വിക്കറ്റും നഷ്ടമായി. അഞ്ച് വിക്കറ്റുമായി റാഷിദാണ് കളിയിലെ താരമായി മാറിയത്.
അയര്‍ലന്‍ഡ് ഇന്നിങ്‌സിന്റെ 16-ാം ഓവറിന്റെ ആറാം പന്തില്‍ കെവിന്‍ ഒബ്രയാനെ പുറത്താക്കിയാണ് റാഷിദ് തുടങ്ങിയത്. കീപ്പര്‍ ക്യാച്ചിലൂടെയാണ് ഒബ്രയാന്‍ പുറത്തായത്. 18-ാം ഓവറില്‍ വീണ്ടുമെത്തിയ റാഷിദ് ആദ്യ മൂന്ന് പന്തില്‍ തന്നെ മൂന്നു പേരെ പുറത്താക്കി. ഡോക്ക്‌റെല്‍, ഗെറ്റ്‌കേറ്റ്, സിമി സിങ് എന്നിവരായിരുന്നു ഇരകളായത്. ആകെ അഞ്ചു വിക്കറ്റുകളാണ് റാഷിദ് അയര്‍ലന്‍ഡിനെതിരെ നേടിയത്. റാഷിദിന്റെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.
ഈ പ്രകടനത്തോടെ ലസിത് മലിംഗയ്ക്ക് ശേഷം തുടര്‍ച്ചയായി നാല് വിക്കറ്റ് നേടുന്ന താരവുമായി മാറി റാഷിദ്. 2007 ലോകകപ്പിലായിരുന്നു മലിംഗ നാല് പന്തുകളില്‍ നാല് വിക്കറ്റ് നേടിയത്. പക്ഷെ അത് നാലും ഒരു ഓവറില്‍ തന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികള്‍.