/indian-express-malayalam/media/media_files/uploads/2017/09/ranveer-cats-horz.jpg)
മുംബൈ: കായിക താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രങ്ങളെ ബോളിവുഡ് എക്കാലവും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഗ്രേറ്റ് കാലിയുടെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ടായത്. നേരത്തേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടേയും ജീവിതത്തെ ആസ്പദമാക്കിയും സിനിമകള്‍ ഉണ്ടായിട്ടുണ്ട്.
മില്‍ഖാ സിങ്ങും, മേരി കോമും ദംഗലുമൊക്കെ ഇവയില്‍ ചിലത് മാത്രം. ഇവയുടെയൊക്കെ പട്ടികയിലേക്ക് കയറാനാണ് ഇന്ത്യയുടെ കായിക ചരിത്രത്തിന്റെ ഭാഗമായ മറ്റൊരു പ്രതിഭയുടെ ജീവിതം കൂടി ഒരുങ്ങുന്നത്. 1983ല്‍ ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകനായ കപില്‍ ദേവിന്റെ ജീവിതമാണ് സിനിമയാകുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1983ലെ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ എങ്ങനെയാണ് പരാജയപ്പെടുത്തിയതെന്നും കപിലിന്റെ ജീവിത നിമിഷങ്ങളും വരച്ചിടും.
അന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന തന്നെ മോഹിപ്പിച്ച വിജയമായിരുന്നു ഇന്ത്യയുടേതെന്ന് കബീര്‍ പറഞ്ഞു.
"ഇന്ത്യന്‍ ക്രിക്കറ്റ് മാറിമറിയുമെന്ന് അന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇന്ത്യയുടെ ആ ഒരു യാത്ര എന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. ഇതായിരിക്കും എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ പ്രമേയമെന്നും വിശ്വസിക്കുന്നു. ചിത്രത്തില്‍ കപില്‍ ദേവിനെ അവതരിപ്പിക്കാന്‍ രണ്‍വീര്‍ സിങ് തയാറായതില്‍ വളരെയധികം സന്തോഷവാനാണ്. കാരണം മറ്റൊരാള്‍ക്കും രണ്‍വീറിനോളം കപിലിനെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല", കബീര്‍ വ്യക്തമാക്കി.
ബജ്റംഗി ബായ്ജന്‍, ട്യൂബ്ലൈറ്റ്, ഏക് താ ടൈഗര്‍, കാബുള്‍ എക്സ്പ്രസ്, ന്യൂയോര്‍ക്ക് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കബീര്‍ ഖാന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.