Kerala vs Vidarbha Day 2 Live Score Updates:രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഫൈനൽ കാണാതെ കേരളം പുറത്ത്. സെമിയിൽ കരുത്തരായ വിദർഭയോടാണ് കേരളം പരാജയപ്പെട്ടത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്നിങ്സിനും 11 റൺസിനും പരാജയപ്പെടുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ വിദർഭ ഉയർത്തിയ 102 റൺസ് ലീഡ് പിന്തുടർന്ന കേരളത്തിന്റെ ഇന്നിങ്സ് 91 റൺസിന് അവസാനിച്ചു.

രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാരായ അരുൺ കാർത്തിക്കും ജലജ് സക്സേനയും നന്നായി തുടങ്ങിയെങ്കിലും ഉമേഷ് യാദവും ഷാർദുൽ താക്കുറും അടങ്ങുന്ന വിദർഭയുടെ ശക്തമായ ബോളിങ് നിരയ്ക്ക് മുന്നിൽ അധികനേരം പിടിച്ചു നിൽക്കാനായില്ല. ടീം സ്കോർ 28 റൺസിൽ നിൽക്കെ ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്.

ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതെ വിഷ്ണു വിനോദും അരുൺ കാർത്തിക്കും മടങ്ങിയതോടെ കേരളം തകർച്ച മുന്നിൽ കണ്ടു. പിന്നാലെ വന്നതിലും വേഗത്തിൽ നായകൻ സച്ചിൻ ബേബിയും, മുഹമ്മദ് അസാറുദീനും, വിനൂപും, രാഹുലും മടങ്ങി. ഇന്നിങ്സ് തോൽവി ഒഴിവാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ചരിത്ര മത്സരത്തിൽ കേരളം തോൽവി അറിഞ്ഞു.

രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ നടുവൊടിച്ചത് ഉമേഷ് യാദവാണ്. രണ്ടാം ഇന്നിങ്സിൽ അഞ്ച് കേരള താരങ്ങളെയാണ് ഉമേഷ് മടക്കിയത്. ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റുകളാണ് ഉമേഷ് നേടിയത്.

നേരത്തെ വിദർഭയുടെ ഇന്നിങ്സും പെട്ടന്ന് അവസാനിച്ചിരുന്നു. മൂന്ന് വിക്കറ്റിന് 170 റൺസെന്ന ശക്തമായ നിലയിൽ നിന്നും വിദർഭ കൂപ്പുകുത്തുകയായിരുന്നു. മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വിദർഭ 208 റൺസിന് പുറത്തായി. സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ് വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ