Ranji Trophy 1st Semifinal Kerala vs Vidarbha: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനൽ പോരാട്ടത്തിൽ രണ്ടാം ഇന്നിങ്സിലും കേരളത്തിന് തിരിച്ചടി. വിദർഭ ഉയർത്തിയ 102 റൺസ് ലീഡ് പിന്തുടരുന്ന കേരളം ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പൊരുതുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 66 റൺസെന്ന നിലയിലാണ്. 36 റൺസ് കൂടി നേടിയാൽ മാത്രമേ വിദർഭയെ ബാറ്റിങ്ങിനയക്കാൻ പോലും സാധിക്കുകയുള്ളു.

രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാരായ അരുൺ കാർത്തിക്കും ജലജ് സക്സേനയും നന്നായി തുടങ്ങിയെങ്കിലും ഉമേഷ് യാദവും ഷാർദുൽ താക്കുറും അടങ്ങുന്ന വിദർഭയുടെ ശക്തമായ ബോളിങ് നിരയ്ക്ക് മുന്നിൽ അധികനേരം പിടിച്ചു നിൽക്കാനായില്ല. ടീം സ്കോർ 28 റൺസിൽ നിൽക്കെ ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്.

ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതെ വിഷ്ണു വിനോദും അരുൺ കാർത്തിക്കും മടങ്ങിയതോടെ കേരളം തകർച്ച മുന്നിൽ കണ്ടു. പിന്നാലെ വന്നതിലും വേഗത്തിൽ നായകൻ സച്ചിൻ ബേബിയും, മുഹമ്മദ് അസാറുദീനും, വിനൂപും, രാഹുലും മടങ്ങി.

നേരത്തെ രണ്ടാം ദിനം വിദർഭയുടെ ഇന്നിങ്സും അതിവേഗം അവസാനിച്ചിരുന്നു. മൂന്ന് വിക്കറ്റിന് 170 റൺസെന്ന ശക്തമായ നിലയിൽ നിന്നും വിദർഭ കൂപ്പുകുത്തുകയായിരുന്നു. മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വിദർഭ 208 റൺസിന് പുറത്തായി. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 106 റൺസ് പിന്തുടർന്ന വിദർഭയ്ക്ക് ഇപ്പോൾ 65 റൺസ് ലീഡുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook