കൽപ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനൽ പോരാട്ടത്തിൽ വിദർഭയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ കേരളത്തിന് ബാറ്റിങ് തകർച്ച. പേസിന് അനുകൂലമായ പിച്ചിൽ 106 റൺസിന് കേരളം പുറത്തായി. ഏഴ് വിക്കറ്റുമായി കേരളത്തിന്റെ നടുവൊടിച്ചിട്ടത് ഇന്ത്യൻ പേസർ ഉമേഷ് യാദവാണ്. ടോസ് നേടിയ വിദർഭ കേരളത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ടോസ് നേടിയതുമുതൽ വിദർഭയ്ക്ക് അനുകൂലമായിരുന്നു കാര്യങ്ങൾ. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ടീം സ്കോർ ഒമ്പത് റൺസിൽ നിൽക്കെ മുഹമ്മദ് അസാറുദീനെ നഷ്ടമായി. പിന്നാലെ എത്തിയ സിജോമോൻ അക്കൗണ്ട് തുറക്കാതെ മടങ്ങി. കാര്യമായ ചെറുത്തുനിൽപ്പ് നടത്താതെ രാഹുലും, വിനൂപും, അരുൺ കാർത്തിക്കും മടങ്ങിയതോടെ കേരളം സമ്മർദ്ദത്തിലാകുകയായിരുന്നു.
നായകൻ സച്ചിൻ ബേബി ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഗുർബാനിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ചില്ല. 37 റൺസ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറർ. കേരള നിരയിൽ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. വാലറ്റവും വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെ കേരളം ചെറിയ സ്കോറിലൊതുങ്ങി.
ഇന്ത്യൻ താരം ഉമേഷ് യാദവാണ് കേരളത്തിന്റെ മുന്നേറ്റ നിരയെ എറിഞ്ഞു വീഴ്ത്തിയത്. ഏഴ് കേരള താരങ്ങളെയാണ് ഉമേഷ് യാദവ് കൂടാരം കയറ്റിയത്. ഗുർബാനി മൂന്ന് വിക്കറ്റും വീഴ്ത്തി. സൂപ്പർ താരം സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം സെമിഫൈനൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ക്വാർട്ടറിൽ വിദർഭയോട് തന്നെ പരാജയപ്പെട്ട് കേരളം പുറത്താവുകയായിരുന്നു. ഇത്തവണ ക്വാർട്ടറിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം ആദ്യ സെമി പ്രവേശനം സാധ്യമാക്കിയത്. 113 റണ്‍സിനാണ് കേരളത്തിന്റെ ജയം. ഗുജറാത്തിനെ 81 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം ചരിത്രം കുറിച്ചത്.