രഞ്ജി ട്രോഫി ക്രിക്കറ്റിൽ സെമിഫൈനൽ പോരാട്ടത്തൽ കേരളം ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിദർഭ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന്റെ എതിരാളികൾ കരുത്തരാണെങ്കിലും സ്വന്തം നാട്ടിലാണ് കളിയെന്നത് കേരളത്തിന് പ്രതീക്ഷ നൽകുന്നു. ഇതാദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിൽ സെമി യോഗ്യത നേടുന്നത്.

കഴിഞ്ഞ വർഷം ക്വാർട്ടറിൽ വിദർഭയോട് തന്നെ പരാജയപ്പെട്ട് കേരളം പുറത്താവുകയായിരുന്നു. ഇത്തവണ ക്വാർട്ടറിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം ആദ്യ സെമി പ്രവേശനം സാധ്യമാക്കിയത്. 113 റണ്‍സിനാണ് കേരളത്തിന്റെ ജയം. ഗുജറാത്തിനെ 81 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം ചരിത്രം കുറിച്ചത്.

ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഉത്തരാഖണ്ഡിനെ ഇന്നിങ്സിനും 115 റൺസിനും തകർത്താണ് വിദർഭ സെമി യോഗ്യത നേടിയത്. ബാറ്റിങ്ങിൽ വസീം ജാഫർ, നായകൻ ഫൈസ് ഫസൽ, എസ്.ആർ.രാമസ്വാമി എന്നീ താരങ്ങൾ മികച്ച ഫോമിലാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലും വസീം ജാഫർ ഇരട്ട സെഞ്ചുറി തികച്ചിരുന്നു. ഉമേഷ് യാദവ്, രജനീഷ് ഗുർബാനി തുടങ്ങിയ കരുത്തുറ്റ ബോളിങ് നിരയും വിദർഭയ്ക്ക് മുൻതൂക്കം നൽകുന്നു.

കേരളതാരങ്ങളെ നന്നായി അറിയാവുന്ന വിദർഭ പരിശീലകൻ ചന്ദ്രകാന്തിന്റെ തന്ത്രങ്ങളും ഏറെ നിർണായകമാകും. വാട്ട്‌മോര്‍ എത്തും മുമ്പു വരെ കേരളത്തിന്റെ പരിശീലകനായിരുന്നു ചന്ദ്രകാന്ത്. ഇന്ന് കേരളാ ടീമിലെ പലരേയും കണ്ടെത്തുകയും വളര്‍ത്തികൊണ്ടു വരികയും ചെയ്തത് ചന്ദ്രകാന്തായിരുന്നു. സമീപ കാലത്ത് കേരളം ക്രിക്കറ്റില്‍ നേടിയ മുന്നേറ്റത്തിന്റെ അടിത്തറ പാകിയത് ഈ മനുഷ്യനായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook