സൂറത്ത്: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായി മഴ പെയ്ത സൂറത്തിൽ രഞ്ജി ട്രോഫി മത്സരം വൈകുന്നു. ഔട്ട്ഫീൽഡ് നനഞ്ഞിരിക്കുന്നത് കാരണം ഇതുവരെയും മത്സരം തുടങ്ങാൻ സാധിച്ചിട്ടില്ല. ടോസ് പോലും വൈകുകയാണ്.

സൂറത്തിലെ ലാലാഭായി കോൺട്രാക്ടർ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ രാത്രി വരെ മഴ പെയ്തതിനെ തുടർന്ന് മൈതാനം നനഞ്ഞു. ഇതാണ് മത്സരം തുടങ്ങാൻ തടസം സൃഷ്ടിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ക്വാർട്ടറിലേക്ക് പ്രവേശനം നേടിയ കേരള ടീം മികച്ച ഫോമിലാണ്. ശക്തരായ വിദർഭയ്ക്ക് എതിരെ ആദ്യ ഇന്നിങ്സിൽ ലീഡ് നേടാനും ജയിക്കാനുമുറച്ചാണ് കേരളം ഇന്നിറങ്ങുന്നത്. എന്നാൽ മഴയിൽ നനഞ്ഞ മൈതാനം ആർക്കനുകൂലമാകുമെന്ന് കണ്ടറിയേണ്ടി വരും.

ഇന്നലെ മൈതാനത്ത് താരങ്ങൾ പരിശീലനത്തിന് എത്തിയിരുന്നെങ്കിലും നനഞ്ഞ ഔട്ട്ഫീൽഡ് കാരണം ഫീൽഡ് പരിശീലനം മാത്രമാണ് നടന്നത്. ഇന്നലെ സൂറത്തിലെ അന്തരീക്ഷ താപനില 19 ഡിഗ്രിയായിരുന്നു. തണുത്ത കാറ്റും മത്സരത്തിന് പ്രതികൂലമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ