രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം ദിനം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് കേരളം. ആദ്യ ഇന്നിങ്സിൽ പഞ്ചാബ് ഉയർത്തിയ ലീഡ് കേരളം മറികടന്നു. രണ്ടാം ഇന്നിങ്സിൽ ശ്രദ്ധയോടെ ബാറ്റ് വീശിയ കേരളം സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. അർദ്ധസെഞ്ചുറി നേടിയ മുഹമ്മഹ് അസാറുദീനും (76*), 16 റൺസുമായി നായകൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ.

രണ്ടാം ഇന്നിങ്സിൽ അരുൺ കാർത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിന് തുടക്കത്തിൽ നഷ്ടമായത്. ടീം സ്കോർ 76ൽ നിൽക്കെ 28 റൺസ് നേടിയ രാഹുലും അതികം വൈകാതെ സഞ്ജുവും മടങ്ങി. എന്നാൽ നായകനെ കൂട്ടുപിടിച്ച അസാറുദീന് ക്രീസിൽ നിലയുറപ്പിച്ചു. ഒപ്പം അർദ്ധസെഞ്ചുറി നേട്ടവും.

രണ്ടാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച പഞ്ചാബ് 217 റൺസിൽ പുറത്താകുകയായിരുന്നു. അർദ്ധസെഞ്ചുറി നേടിയ മന്ദീപ് സിങ് മാത്രമാണ് പഞ്ചാബ് നിരയിൽ ഇന്ന് തിളങ്ങിയത്. 96 റൺസിന്റെ ലീഡാണ് കേരളത്തിനെതിരെ പഞ്ചാബ് നേടിയത്.

കേരളത്തിനായി സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നിധീഷ് എം ഡി ഒരു വിക്കറ്റും വീഴ്ത്തി. നാല് പഞ്ചാബ് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അതിൽ തന്നെ രണ്ട് പേർ അർദ്ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഓപ്പണർ ജിവന്ജേത് സിങ് 69 റൺസ് നേടിയപ്പോൾ നായകൻ മന്ദീപ് സിങ് 89 റൺസും നേടി. സൂപ്പർ താരം യുവരാജ് സിങ് എട്ട് റൺസിനും പുറത്തായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 121 റൺസിന് പുറത്താവുകയായിരുന്നു. പഞ്ചാബിനെതിരെ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കാര്യമായ ചെറുത്തുനിൽപ്പ് ഒന്നും നടത്താതെ കേരള താരങ്ങൾ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അഞ്ച് കേരള താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. പഞ്ചാബിനായി സിദ്ധാർത്ഥ് കൗൾ ആറ് വിക്കറ്റുകൾ വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook