രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളത്തിന് നാണംകെട്ട തോൽവി. പത്ത് വിക്കറ്റിനാണ് കേരളം പഞ്ചാബിനോട് പരാജയപ്പെട്ടത്. ഈ സീസണിൽ കേരളത്തിന്റെ മൂന്നാം തോൽവിയാണിത്. കേരളം ഉയർത്തിയ 223 റൺസ് മത്സരത്തിന്റെ മൂന്നാം ദിനം അവസാനിക്കുന്നതിന് മുമ്പ് പഞ്ചാബ് മറികടന്നു.

പഞ്ചാബിനായി രണ്ടാം ഇന്നിങ്സിൽ ഷുഭ്മാൻ ഗിൽ അർദ്ധസെഞ്ചുറി (69 റൺസ്) തികച്ചപ്പോൾ, 48 റൺസുമായി ജിവ്ജോത് സിങ് ശക്തമായ പിന്തുണ നൽകി. ഇരുവരും ടീമിനെ പത്ത് വിക്കറ്റ് നേട്ടത്തിൽ എത്തിച്ചു. ജയത്തോടെ ഏഴ് പോയിന്റുകളാണ് മത്സരത്തിൽ നിന്ന് പഞ്ചാബ് സ്വന്തമാക്കിയത്.

മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 135-ല്‍ എത്തിയപ്പോള്‍ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ നഷ്ടമായി. മുഹമ്മദ് അസാറുദീൻ സെഞ്ചുറി തികച്ചെങ്കിലും പിന്നീടെത്തിയ താരങ്ങൾക്കാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. 12 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പടെ 112 റൺസാണ് താരത്തിന്രെ സമ്പാദ്യം.

പഞ്ചാബിനായി മായങ്ക് മാർഖണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി. മൻപ്രീത് സിങ്, ബാൾട്ടജ് സിങ്, സിദ്ധാർത്ഥ് കൗൾ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ 96 റൺസിന്റെ ലീഡാണ് കേരളത്തിനെതിരെ പഞ്ചാബ് നേടിയത്. രണ്ടാം ഇന്നിങ്സിൽ കേരളത്തിന് നേടാനായത് 223 റൺസും. ഇതോടെ പഞ്ചാബിന് മുന്നിൽ ചെറിയ വിജയലക്ഷ്യമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook