രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ ശക്തമായ തിരിച്ചുവരവ്. ആദ്യ ദിനം തന്നെ കേരളത്തിനെതിരെ ലീഡെടുത്ത പഞ്ചാബിനെ രണ്ടാം ദിനം കേരളം എറിഞ്ഞിട്ടു. രണ്ടാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച പഞ്ചാബ് 217 റൺസിൽ പുറത്താകുകയായിരുന്നു.

അർദ്ധസെഞ്ചുറി നേടിയ മന്ദീപ് സിങ് മാത്രമാണ് പഞ്ചാബ് നിരയിൽ ഇന്ന് തിളങ്ങിയത്. 96 റൺസിന്റെ ലീഡാണ് കേരളത്തിനെതിരെ പഞ്ചാബിനുള്ളത്. ബാറ്റിങ്ങിൽ കൂടി താളം കണ്ടെത്തിയാൽ മത്സരം കേരളത്തിന് അനുകൂലമാക്കാൻ താരങ്ങൾക്ക് സാധിക്കും.

കേരളത്തിനായി സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നിധീഷ് എം ഡി ഒരു വിക്കറ്റും വീഴ്ത്തി. നാല് പഞ്ചാബ് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അതിൽ തന്നെ രണ്ട് പേർ അർദ്ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. ഓപ്പണർ ജിവന്ജേത് സിങ് 69 റൺസ് നേടിയപ്പോൾ നായകൻ മന്ദീപ് സിങ് 89 റൺസും നേടി. സൂപ്പർ താരം യുവരാജ് സിങ് എട്ട് റൺസിനും പുറത്തായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 121 റൺസിന് പുറത്താവുകയായിരുന്നു. പഞ്ചാബിനെതിരെ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കാര്യമായ ചെറുത്തുനിൽപ്പ് ഒന്നും നടത്താതെ കേരള താരങ്ങൾ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അഞ്ച് കേരള താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. പഞ്ചാബിനായി സിദ്ധാർത്ഥ് കൗൾ ആറ് വിക്കറ്റുകൾ വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ