തിരുവനന്തപുരം: മധ്യപ്രദേശിനെതിരെ കേരളത്തിന് രണ്ടാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡ്. ഏഴ് റണ്‍സിന്റെ വ്യത്യാസത്തില്‍ വിഷ്ണു വിനോദിന് ഇരട്ട സെഞ്ചുറി നഷ്ടമായി. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം 455 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണ് വിഷ്ണുവിന് ഇരട്ട സെഞ്ചുറി നഷ്ടമായത്. തോല്‍വിയില്‍ നിന്നും പൊരുതിക്കയറി വന്ന കേരളത്തിന്റെ ഐതിഹാസിക ഇന്നിങ്‌സിന്റെ നെടുംതൂണായിരുന്നു വിഷ്ണു വിനോദ്. 282 പന്തില്‍ നിന്നുമാണ് വിനോദ് 23 ബൗണ്ടറികളും ഒരു സിക്‌സുമടക്കം 193 റണ്‍സെടുത്തത്.

അര്‍ധ സെഞ്ചുറിയുമായി ബേസില്‍ തമ്പിയും വിഷ്ണുവിന് മികച്ച പിന്തുണ നല്‍കിയതോടെയാണ് കേരളത്തിന് മികച്ച സ്‌കോറിലേക്ക് എത്താനായത്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് ആയിരുന്നു. അവിടെ നിന്നും ബേസിലുമൊത്ത് ചേര്‍ന്ന് വിഷ്ണു കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ബേസില്‍ 93 പന്തില്‍ 57 റണ്‍സ് നേടി.

നാല് വിക്കറ്റ് പോയിടത്തു നിന്നും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടേയും വിഷ്ണു വിനോദിന്റേയും സെഞ്ചുറികളാണ് കേരളത്തെ തിരികെ കൊണ്ടു വന്നത്. സച്ചിന്‍ ബേബി 211 പന്തുകളില്‍ നിന്നും 143 റണ്‍സാണ് നേടിയത്. ഇതില്‍ 14 ഫോറും മൂന്ന് സിക്സുകളും ഉള്‍പ്പെടും. രഞ്ജിയിലെ കന്നി സെഞ്ചുറിയാണ് വിഷ്ണു വിനോദ് നേടിയത്.

ആദ്യ ഇന്നിങ്സില്‍ വെറും 63 റണ്‍സിന് ഓള്‍ ഔട്ടായ കേരളം തകര്‍പ്പന്‍ തിരിച്ചു വരവാണ് നടത്തിയത്. 265 റണ്‍സിന്റെ ലീഡായിരുന്നു ഒന്നാം ഇന്നിങ്സില്‍ കേരളം വഴങ്ങിയിരുന്നത്. ഇവിടെ നിന്നുമാണ് കേരളത്തിന്റെ മാസ്മരിക തിരിച്ചു വരവ്. വിഷ്ണുവും സച്ചിനും ചേര്‍ന്ന് 199 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മധ്യപ്രദേശിനായി കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും ശുഭം ശര്‍മ്മയും രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. ഒന്നാം ഇന്നിങ്സില്‍ മധ്യപ്രദേശ് 328 റണ്‍സായിരുന്നു നേടിയത്. രജത് പഠിഥാര്‍, നമന്‍ ഓജ, യഷ് ദൂബേ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മധ്യപ്രദേശിന് 265 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ മധ്യപ്രദേശ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 22 റണ്‍സ് എടുത്തിട്ടുണ്ട്. ആര്യമാന്‍ വിക്രം ബിര്‍ല 13 റണ്‍സുമായും മോഹ്നിഷ് മിശ്ര 10 റണ്‍സുമായി ക്രീസിലുണ്ട്. കേരളം തോല്‍വി മുന്നില്‍ കണ്ട മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. സമനില പിടിക്കാനായാല്‍ മധ്യപ്രദേശിന് ഒന്നാം ഇന്നിങ്‌സിലെ ലീഡ് പോയിന്റ് ലഭിക്കാന്‍ ഉപകരിക്കും. അതേസമയം, കേരളത്തിന് ജയം മാത്രമേ പോയിന്റ് നേടി കൊടുക്കുകയുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook