തിരുവനന്തപുരം: രഞ്ജി ട്രോഫി കേരളത്തിനെതിരെ മധ്യപ്രദേശ് കൂറ്റൻ ലീഡിലേക്ക്. കളിയുടെ രണ്ടാം ദിനത്തിൽ അതിവേഗം ടീം സ്കോർ ഉയർത്തിയ മധ്യപ്രദേശ് താരങ്ങൾ കേരളത്തിന് മേൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 262 റൺസെടുത്തിട്ടുണ്ട്. 199 റൺസിന്റെ ലീഡാണ് മധ്യപ്രദേശിനുള്ളത്.

അർദ്ധ സെഞ്ചുറി തികച്ച നായകൻ നമാൻ ഓജയുടെയും രജത് പട്ടിദാറിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് മധ്യപ്രദേശ് സ്കോർ ഉയർത്തിയത്. 79 റൺസുമായി ഓജയും 73 റൺസുമായി പട്ടിദാറും പുറത്തായെങ്കിലും യാഷ് ദുബെ ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

43 റൺസ് നേടിയ യാഷ് ദുബെയും 7 റൺസുമായി സാറൻഷ് ജെയിനുമാണ് ക്രീസിൽ. കേരളത്തിനായി സന്ദീപ് വാര്യർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കെ.സി.അക്ഷയ്‍യും ജലജ് സക്സേനയും ഓരോ വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്സിൽ കേരളം 63 റൺസിന് പുറത്താവുകയായിരുന്നു.

കേരള നിരയിൽ ഏഴ് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. റൺ സ്കോറേഴ്സ് അരുൺ കാർത്തിക് (6), ജലജ് സക്സേന (2), രോഹൻ പ്രേം (0), സഞ്ജു സാംസൺ (2), സച്ചിൻ ബേബി (7), ജഗദീഷ് (10), വിഷ്ണു വിനേദ് (16), ബേസിൽ തമ്പി (4), അക്ഷയ് ചന്ദ്രൻ (16), കെ സി അക്ഷയ് (0), സന്ദീപ് വാര്യർ (0).

തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചാണ് കേരളം ഇറങ്ങിയത്. ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് സമനില നേടിയ കേരളം, അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു. ആന്ധ്രപ്രദേശിനെതിരെയും ബംഗാളിനെതിരെയുമായിരുന്നു കേരളത്തിന്റെ വിജയം. നിലവിൽ മൂന്ന് കളികളിൽ നിന്ന് 13 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് കേരളം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook