രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ തകർന്നടിഞ്ഞ് കേരളം. രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ മുൻനിര ബാറ്റിങ് നിര വീണതോടെ കേരളം തോൽവിയുടെ വക്കിലാണ്. ആറ് വിക്കറ്റ് മാത്രം അവശേഷിക്കെ കേരളത്തിന് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 227 റൺസ് കൂടി നേടണം.

ഒന്നാം ഇന്നിങ്സിൽ 265 റൺസിന്റെ കൂറ്റൻ ലീഡാണ് കേരളത്തിനെതിരെ മധ്യപ്രദേശ് ഉയർത്തിയിരിക്കുന്നത്. അർദ്ധ സെഞ്ചുറി തികച്ച നായകൻ നമാൻ ഓജയുടെയും രജത് പട്ടിദാറിന്റെയും വെടിക്കെട്ട് ബാറ്റിങ് മികവിലാണ് മധ്യപ്രദേശ് സ്കോർ ഉയർത്തിയത്. ഓജയും യാഷ് ദുബെയും 79 റൺസ് വീതം നേടിയപ്പോൾ 73 റൺസുമായി പട്ടിദാറും മധ്യപ്രദേശ് ഇന്നിങ്സിൽ നിർണ്ണായക പങ്ക് വഹിച്ചു.

രണ്ടിന് 98 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച മധ്യപ്രദേശ് അതിവേഗം സ്കോർ ഉയർത്തുകയായിരുന്നു. 328 റൺസിന് മധ്യപ്രദേശ് പുറത്തായെങ്കിലും കേരളത്തിന് മുന്നിൽ കൂറ്റൻ ലീഡാണ് അവർക്കുള്ളത്. കേരളത്തിനായി ജലജ് സക്സേന നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബേസിൽ തമ്പി, സന്ദീപ് വാര്യർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

എന്നാൽ രണ്ടം ഇന്നിങ്സിലും കേരളം തകരുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 38 റൺസെടുക്കാനെ കേരളത്തിന് സാധിച്ചിട്ടുള്ളു. നാല് റൺസെടുത്ത അരുൺ കാർത്തിക്കിന്രെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. പിന്നാലെ ജലജ് സക്സേനയും രോഹൻ പ്രേമും അക്ഷയ് ചന്ദ്രനും വന്നു മടങ്ങി. 20 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും 9 റൺസുമായി ജഗദീഷുമാണ് ക്രീസിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook