രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹിമാചലിനെതിരെ കേരളത്തിന് മികച്ച തുടക്കം. ഒന്നാം ഇന്നിങ്സിൽ ഹിമാചൽ ഉയർത്തിയ 297 റൺസ് പിന്തുടരുന്ന കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടിയിട്ടുണ്ട്. കേരളത്തിന് വേണ്ടി പി.രാഹുൽ അർദ്ധ സെഞ്ചുറി തികച്ചു. 65 റൺസ് നേടിയ രാഹുലും, 3 റൺസുമായി നായകൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹിമാചൽ 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്താവുകയായിരുന്നു. കേരളത്തിന് വേണ്ടി നിഥീഷ് എംഡി ആറ് വിക്കറ്റ് വീഴ്ത്തി. 3.67 എക്കോണമിയിൽ പന്തെറിഞ്ഞ നിഥീഷിന്റെ വിക്കറ്റ് വേട്ടയാണ് ഹിമാചലിനെ കുറഞ്ഞ സ്കോറിൽ ഒതുക്കാൻ സഹായകമായത്.

മറുപടി ബാറ്റിങ്ങിൽ ഏഴ് റൺസിൽ ജഗദീഷിനെ നഷ്ടപ്പെട്ട കേരളത്തിനായി രാഹുൽ സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. ജഗദീഷ് 5 റൺസിന് പുറത്തായപ്പോൾ, സിജോമോൻ 16 റൺസിലും കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മുഹമ്മദ് അസാറുദീൻ 40 റൺസിനും പുറത്തായി.

നേരത്തെ ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കേരള നായകൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കേരളത്തിന്രെ പ്രകടനം. ഏഴ് റൺസിൽ ഓപ്പർ രാഘവ് ധവാനെ ബേസിൽ തമ്പി മടക്കി. പിന്നീട് വിക്കറ്റ് വേട്ടയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഥീഷ് എംഡി കൃത്യമായ ഇടവേളകളിൽ നാല് ഹിമാചൽ താരങ്ങളെ കൂടാരം കയറ്റി.

പിന്നീട് സന്ദീപ് വാര്യറുടെ ഊഴമായിരുന്നു. അടുത്ത രണ്ട് താരങ്ങളെ സന്ദീപും മടക്കിയതോടെ ഹിമാചലിന് ഏഴ് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിവസം നിഥീഷ് കളം നിറഞ്ഞതോടെ ഹിമാചൽ 297ന് പുറത്ത്. ഹിമാചലിന് വേണ്ടി കൾസി സെഞ്ചുറിയും ധവാൻ അർദ്ധ സെഞ്ചുറിയും നേടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ