കൽപ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന് ലീഡ്. നാല് വിക്കറ്റ് നഷ്ടത്തിൽ 97 രൺസെന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഗുജറാത്തിന് 67 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ആറ് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. ഇതോടെ ഗുജറാത്ത് ഇന്നിങ്സ് 162 റൺസിൽ അവസാനിച്ചു. കേരളത്തിന് 23 റൺസ് ലീഡും.

കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ നാലും ബേസിൽ തമ്പി, നിധീഷ് എംഡി എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും വീഴ്ത്തി. 14 റൺസ് നേടിയ ഭട്ടിന്റെ വിക്കറ്റാണ് രണ്ടാം ദിനം ഗുജറാത്തിന് ആദ്യം നഷ്ടമായത്. പിന്നാലെ ധ്രൂവ് റാവലും അക്സർ പട്ടേലും കൂടാരം കയറി. വാലറ്റക്കാരെ ഒന്നിന് പുറകെ ഒന്നായി നിധീഷ് മടക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 185 റൺസ് പിന്തുടർന്ന ഗുജറാത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. എട്ട് റൺസെടുത്ത പഞ്ചലിനെ പുറത്താക്കി സന്ദീപ് വാര്യരാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. കാഥൻ പട്ടേലിനെയും സന്ദീപ് തന്നെ പുറത്താക്കിയതോടെ ഗുജറാത്ത് തകർച്ചയിലേക്ക നീങ്ങി.

എന്നാൽ പിന്നാലെ എത്തിയ ഗുജറാത്ത് നായകൻ പാർത്ഥീവ് പട്ടേൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ ഗുജറാത്ത് സ്കോർബോർഡിൽ കാര്യമായ ചലനങ്ങളുണ്ടായി. എന്നാൽ 43 റൺസിൽ പാർത്ഥീവിന്റെ പോരാട്ടം ബേസിൽ തമ്പി അവസാനിപ്പിച്ചു. രാഹുലിനെയും ബേസിൽ തമ്പി തന്നെയാണ് പുറത്താക്കിയത്.

നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 185 റൺസിന് അവസാനിക്കുകയായിരുന്നു. 37 റൺസെടുത്ത ബേസിൽ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. വിനൂപ് 25 റൺസിനും രാഹുൽ.പി 26 റൺസിന് പുറത്തായപ്പോൾ മറ്റ് താരങ്ങൾക്കാർക്കും ബാറ്റിങ്ങിൽ തിളങ്ങാനായില്ല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook