തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്രപ്രദേശിന് ബാറ്റിങ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആന്ധ്ര 8 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രന്റെ തകർപ്പൻ ബോളിങ് പ്രകടനത്തിൽ ആന്ധ്ര തകരുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആന്ധ്രയ്ക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർ 18ൽ എത്തിയപ്പോഴേക്കും ഓപ്പണർമാരായ രണ്ടുപേരെയും ബേസിൽ തമ്പി മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു.

എന്നാൽ ആറാം വിക്കറ്റിൽ റിക്കി ഭൂയിയും ശിവചരൻ സിങ്ങും ചേർന്ന് ആന്ധ്രയെ കൂറ്റൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. 205 പന്തുകളിൽ നിന്ന് 109 റൺസ് നേടിയ റിക്കി പുറത്താകുമ്പോഴേക്കും സ്കോർ 208ൽ എത്തിയിരുന്നു. പിന്നാലെ ശിവചരൻ സിങ്ങും മടങ്ങി. ഇരുവരെയും അക്ഷയ് പുറത്താക്കുകയായിരുന്നു.

24 ഓവറുകളിൽ നിന്ന് 56 റൺസ് മാത്രം വഴങ്ങിയാണ് അക്ഷയ് 4 വിക്കറ്റുകൾ വീഴ്ത്തിയത്. സന്ദീപ് വാര്യറിനാണ് ഒരു വിക്കറ്റ്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ കേരളം ഹൈദരാബാദിനോട് സമനില വഴങ്ങിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ