ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു സാംസണ്‍. തീര്‍ന്നു ഇന്ത്യന്‍ ടീമിലേക്കുള്ള കേരളത്തിന്റെ ഇതുവരെയുള്ള സംഭവാനകളുടെ ലിസ്റ്റ്. പ്രതിഭകള്‍ക്ക് കേരളത്തില്‍ ഒരിക്കലും പഞ്ഞമുണ്ടായിരുന്നില്ല. പക്ഷെ ബിസിസിഐയുടെ റഡാറില്‍ പലപ്പോഴും അവരാരും ഇടം പിടിച്ചില്ല. കിരീടങ്ങളൊന്നും നേടാനാകാതിരുന്നതാണ് കേരളത്തിന് വിലങ്ങു തടിയായത്. എന്നാല്‍ ആ ചരിത്രം കേരളം തിരുത്തുകയാണ്. ഇതുവരെ നേടാന്‍ കഴിയാത്തതൊക്കെ ഓരോന്നായി കേരളം സ്വന്തമാക്കുകയാണ്. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറിലെത്തി മടങ്ങിയ കേരളം ഇത്തവണ ഒരു പടി കൂടി മുന്നോട്ട് കയറി സെമിയിലെത്തിയിരിക്കുകയാണ്. അടുത്ത ഏതിരാളി ഒരുപക്ഷെ വസീം ജാഫറിന്റെ വിദര്‍ഭയാകും. അതെന്തായാലും കണ്ടറിയാം.

ഇവിടം വരെയുള്ള കേരളത്തിന്റെ മുന്നോട്ട് മാത്രം കുതിക്കുന്ന ശീലത്തിന് നന്ദി പറയേണ്ടത് ഒരാളോടാണ്. കേരളത്തിന്റെ പരിശീലകന്‍ ഡേവിഡ് വാട്ട് മോറിനോട്. ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടി കൊടുത്ത, ബംഗ്ലാദേശിനെ ആരേയും വിറപ്പിക്കുന്ന സംഘമാക്കി മാറ്റിയ അതേ വാട്ട്‌മോര്‍.

രണ്ട് കൊല്ലം മുമ്പാണ് വാട്ട്‌മോര്‍ കേരളത്തിന്റെ പരിശീലകനായി എത്തുന്നത്. അന്താരാഷ്ട്ര ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള, ഇന്ത്യന്‍ ടീം പോലും ഒരിക്കല്‍ തങ്ങളുടെ പരിശീലക സ്ഥാനത്തേക്ക് ആലോചിച്ചിരുന്ന വാട്ട്‌മോര്‍ കേരളത്തെ നന്നാക്കാനുള്ള ചുമതല ഏറ്റെടുക്കുന്നത് തന്നെ അയാളുടെ ഉള്ളിലുള്ള, വെല്ലുവിളികളെ നേരിടാന്‍ ശീലിച്ച പോരാളിയുടെ തെളിവായിരുന്നു.

ചെന്നൈയിലെ ശ്രീരാമ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ ട്രൂ കോച്ച് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു വാട്ട്‌മോര്‍. പിന്നീട് മുന്‍ കേരള നായകന്‍ എസ് രമേശും കെസിഎയും നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് വാട്ട്‌മോര്‍ കേരള ടീമിനെ പരിശീലകനാകാന്‍ തീരുമാനിക്കുന്നത്. വെറും ആറു മാസത്തേക്ക് എന്ന കരാറില്‍ കേരളത്തിലെത്തിയ വാട്ട്‌മോര്‍ രണ്ട് കൊല്ലമായി കേരളത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലുണ്ട്. കുഞ്ഞന്മാരെ അട്ടിമറി വീരന്മാരാക്കുന്നതില്‍ വാട്ട്‌മോറിനുളള കഴിവ് ബംഗ്ലാദേശിന്റെ പ്രകടനങ്ങളില്‍ നാം കണ്ടിട്ടുണ്ട്. ബംഗ്ലാദേശ് കേരളത്തിലൂടെ പുനര്‍അവതരിക്കുന്നതിനാണ് കഴിഞ്ഞ രണ്ട് വര്‍ഷം രഞ്ജി ട്രോഫി സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യന്‍ വനിതാ ടീമിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രമേശ് പവാറിന്റെ പരിശീലക സ്ഥാനം നഷ്ടമായപ്പോള്‍ പകരക്കാരനായി വാട്ട്‌മോറിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രാര്‍ത്ഥന വാട്ട്‌മോറിനെ ഇവിടെ തന്നെ നിലനിര്‍ത്തി.

താരങ്ങളെ കുറ്റങ്ങള്‍ നിരത്തി ശകാരിക്കുന്നതിന് പകരം അവരെ സ്വന്തം കരുത്ത് തിരിച്ചറിയാനും ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും കഴിയുന്നു എന്നതാണ് വാട്ട്‌മോറിന്റെ കഴിവ്. പ്രതിഭകള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടാകാതിരുന്ന കേരളത്തിന് വേണ്ടിയിരുന്നത് അതായിരുന്നു. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന ഒരു വിദഗ്ധന്റെ വൈഭ്യവത്തോടെ വാട്ട്‌മോര്‍ ആ പണി കൃത്യമായി ചെയ്തു. ഓരോ മത്സരത്തിന് ശേഷവും ടീം മീറ്റിങ്ങുകളില്‍ വാട്ട്‌മോര്‍ പരസ്പരം കുറ്റം പറയുന്നതിന് പകരം പരസ്പരം കരുത്താകാന്‍ താരങ്ങളെ ശീലിപ്പിച്ചു.

പേസര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാനുള്ള വാട്ട്‌മോറിന്റെ തീരുമാനം ജീവനില്ലാത്ത പിച്ചുകളില്‍ പോലും കേരളത്തിന് ഗുണമായി മാറി. ഇന്നത്തെ വിജയത്തിലേക്ക് മാത്രം നോക്കിയാല്‍ മതി കേരളത്തിന്റെ പേസര്‍മാരുടെ മികവ് അറിയാന്‍. ബേസില്‍ തമ്പിയും സന്ദീപ് വാര്യരും ചേര്‍ന്ന് 9 വിക്കറ്റാണ് ഇന്ന് കേരളം വീഴ്ത്തിയത്. യുവതാരങ്ങളെ വിശ്വസിച്ച് അവര്‍ക്ക് അവസരം നല്‍കിയ വാട്ട്‌മോര്‍ സഞ്ജു സാംസണനെ പോലെ അനുഭവ സമ്പത്തുള്ള താരങ്ങളെയും ഒപ്പം ചേര്‍ത്തു. ഫോമില്ലാത്തപ്പോഴും സഞ്ജുവിനെ തഴയാതെ കൂടെ നിര്‍ത്തിയത് യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഇന്നലെ പരുക്കിനെ വെല്ലുവിളിച്ച് സഞ്ജു മൈതാനത്ത് എത്തിയത് അതിന്റെ തെളിവായിരുന്നു.

തന്ത്രശാലിയായ ക്രിക്കറ്റ് പണ്ഡിതനും തന്റെ ശിഷ്യന്മാരുടെ മികവും കുറവുമെല്ലാം അറിയുന്ന ഗുരുവുമാണ് വാട്ട്‌മോര്‍. ആ വീക്ഷണമാണ് കേരളത്തിന് തങ്ങളുടെ ചരിത്രത്തിലെ ആദ്യ സെമി ഫൈനലിലേക്കുള്ള പ്രവേശനം നേടി കൊടുത്തിരിക്കുന്നത്. നമുക്ക് കാത്തിരിക്കാം വാട്ട്‌മോര്‍ മാജിക് സെമയിലും ആവര്‍ത്തിക്കുന്നതിനായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ