കൃഷ്ണഗിരി: ബേസില്‍ തമ്പി നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ കേരളം സെമി സ്വപ്‌നം കാണുന്നു. കേരളം ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് നാല് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓപ്പണര്‍മാരായ കഥന്‍ പട്ടേല്‍, പി.കെ.പഞ്ചാല്‍ എന്നിവരെ പുറത്താക്കി ബേസിലാണ് കേരളത്തിന് തുടക്കത്തിലെ മുന്‍തൂക്കം നല്‍കിയത്.

പിന്നാലെ ക്യാപ്റ്റന്‍ പാര്‍ത്ഥീവ് പട്ടേലിനെ കേരളത്തിന്റെ നായകന്‍ സച്ചിന്‍ ബേബി റണ്‍ ഔട്ടാക്കി. തൊട്ടടുത്ത് തന്നെ ആർ.എച്ച്.ഭട്ടിനേയും ഗുജറാത്തിന് നഷ്ടമായി. ഒന്നാം ഇന്നിങ്‌സിലെ താരമായ സന്ദീപ് വാര്യരാണ് വിക്കറ്റ് നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്തിട്ടുണ്ട്. രാഹുല്‍ ഷായും ധ്രുവ് റാവലുമാണ് ക്രീസിലുള്ളത്.

രണ്ടാം ഇന്നിങ്സില്‍ കേരളം 171 ന് പുറത്തായിരുന്നു. 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മധ്യനിരയില്‍ 44 റണ്‍സുമായി ജലജ് സക്സേനയും പിടിച്ചു നിന്നു. എന്നാല്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടതോടെ കേരളത്തിന്റെ ഇന്നിങ്സ് വേഗം അവസാനിക്കുകയായിരുന്നു.

കേരളനിരയില്‍ അഞ്ച് പേരാണ് സംപൂജ്യരായി മടങ്ങിയത്. നായകന്‍ സച്ചിന്‍ ബേബി 24 റണ്‍സ് മാത്രമാണ് നേടിയത്. ആദ്യ ഇന്നിങ്സിനിടെ പരുക്കേറ്റ് കളി മതിയാക്കി കേറിയ സഞ്ജു സാംസണ്‍ പത്താമനായി ക്രീസിലേക്ക് എത്തിയത് ആവേശക്കാഴ്ചയായി മാറി. കൈ വിരലിന് പരുക്കേറ്റ സഞ്ജു ഒരു കൈ ഉപയോഗിച്ചായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ സഞ്ജുവിനെ എല്‍ബിഡബ്ല്യൂവില്‍ കുരുക്കി അക്സര്‍ പട്ടേല്‍ കേരളത്തെ ഓള്‍ ഔട്ടാക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook