കൊല്‍ക്കത്ത: രഞ്ജി ട്രോഫി മത്സരത്തില്‍ ബംഗാളിനെ 147 റണ്‍സിന് പുറത്താക്കി കേരളം. പേസര്‍ ബേസില്‍ തമ്പിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാദേശിന്റെ നട്ടല്ലൊടിച്ചത്. തമ്പി നാല് വിക്കറ്റ് നേടി. നിതീഷ് എംഡി മൂന്നും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും നേടി. ജലജ് സക്‌സേനയും ഒരു വിക്കറ്റ് നേടി.

53 റണ്‍സെടുത്ത അനുസ്തൂപ് മജുന്ദാര്‍ ആണ് ബംഗാള്‍ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ അഭിഷേക് കുമാര്‍ രമണ്‍ 40 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 22 റണ്‍സ് മാത്രം നേടി പുറത്തായത് ബംഗാളിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി മാറി. മധ്യനിരയില്‍ 13 റണ്‍സുമായി പുറത്തായ വിവേക് സിങ്ങിന് പിന്നാലെ വന്നവരാരും രണ്ടക്കം കണ്ടില്ല. അഞ്ച് പേരാണ് അക്കൗണ്ട് തുറക്കും മുമ്പു തന്നെ മൈതാനം വിട്ടത്.

കേരളം മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ബംഗാളിനായി കളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് 15 ഓവര്‍ മാത്രമേ ഒരു ഇന്നിങ്‌സില്‍ എറിയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ബിസിസിഐയുടെ നിബന്ധന. ഓസീസ് പരമ്പര മുന്നില്‍ കണ്ടാണ് ബിസിസിഐയുടെ നിബന്ധന. അതേസമയം, രണ്ട് കളിയില്‍ നിന്നും എഴ് പോയിന്റുള്ള കേരളം എലൈറ്റ് ഗ്രൂപ്പ് എ, ബി ഗ്രൂപ്പുകളില്‍ മൂന്നാം സ്ഥാനത്താണ്. മുന്നിലുള്ളത് സൗരാഷ്ട്രയും ഗുജറാത്തുമാണ്. ബംഗാള്‍ നാലാം സ്ഥാനത്താണ്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സ് മാത്രമെടുത്തു നില്‍ക്കെ അരുണ്‍ കാര്‍ത്തിക്കിനെയാണ് കേരളത്തിന് നഷ്ടമായത്. മുഹമ്മദ് ഷമിയാണ് വിക്കറ്റ് നേടിയത്. രോഹന്‍ പ്രേമും ജലജ് സക്‌സേനയുമാണ് ക്രീസിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook