കൃഷ്ണഗിരി: കേരളം കണ്ട സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ തകര്‍ത്ത് കേരളം രഞ്ജി ട്രോഫിയുടെ സെമി ഫൈനലിലേക്ക്. ചരിത്രത്തില്‍ ഇതാദ്യമായാണ് കേരളം രഞ്ജിയുടെ സെമിയിലെത്തുന്നത്. കേരള ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ പോകുന്ന നേട്ടത്തിലേക്ക് സച്ചിന്‍ ബേബിയും സംഘവും കുതിച്ചത് പേസര്‍മാരുടെ കരുത്തിലാണ്. 113 റണ്‍സിനാണ് കേരളത്തിന്റെ ജയം. ഗുജറാത്തിനെ 81 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം ചരിത്രം കുറിച്ചത്. ബേസിലാണ് കളിയിലെ താരം. എട്ട് വിക്കറ്റാണ് ബേസില്‍ രണ്ട് ഇന്നിങ്സിലുമായി നേടിയത്.

പേസര്‍മാര്‍ കളി നിയന്ത്രിച്ച കൃഷ്ണഗിരിയില്‍ അഞ്ച് വിക്കറ്റുമായി ബേസില്‍ തമ്പിയാണ് ഗുജറാത്തിന്റെ നട്ടെല്ല് തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സിലെ താരമായ സന്ദീപ് വാര്യരും തമ്പിക്കൊപ്പം ചേര്‍ന്നതോടെ ഗുജറാത്തിന് നിലയുറപ്പിക്കാന്‍ പോലും സാധിച്ചില്ല. സന്ദീപ് നാല് വിക്കറ്റ് നേടി. ഓപ്പണര്‍മാരായ കഥന്‍ പട്ടേല്‍, പി.കെ.പഞ്ചാല്‍ എന്നിവരെ പുറത്താക്കി ബേസിലാണ് കേരളത്തിന് തുടക്കത്തിലെ മുന്‍തൂക്കം നല്‍കിയത്. പിന്നാലെ ക്യാപ്റ്റന്‍ പാര്‍ത്ഥീവ് പട്ടേലിനെ കേരളത്തിന്റെ നായകന്‍ സച്ചിന്‍ ബേബി റണ്‍ ഔട്ടാക്കി. തൊടടുത്ത് തന്നെ ആർ.എച്ച്.ഭട്ടിനേയും ഗുജറാത്തിന് നഷ്ടമായി. സന്ദീപ് വാര്യരാണ് വിക്കറ്റ് നേടിയത്.

Read Also: തമ്പിയളിയന്‍ പാകിയ ‘ബേസില്‍’ കേരളം സെമി സ്വപ്‌നം കാണുന്നു; ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച

ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ രണ്ടാം ഇന്നിങ്സില്‍ കേരളം 171 ന് പുറത്തായിരുന്നു. 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മധ്യനിരയില്‍ 44 റണ്‍സുമായി ജലജ് സക്സേനയും പിടിച്ചു നിന്നു. എന്നാല്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടതോടെ കേരളത്തിന്റെ ഇന്നിങ്സ് വേഗം അവസാനിക്കുകയായിരുന്നു.

കേരളനിരയില്‍ അഞ്ച് പേരാണ് സംപൂജ്യരായി മടങ്ങിയത്. നായകന്‍ സച്ചിന്‍ ബേബി 24 റണ്‍സ് മാത്രമാണ് നേടിയത്. ആദ്യ ഇന്നിങ്സിനിടെ പരുക്കേറ്റ് കളി മതിയാക്കി കേറിയ സഞ്ജു സാംസണ്‍ പത്താമനായി ക്രീസിലേക്ക് എത്തിയത് ആവേശക്കാഴ്ചയായി മാറി. കൈ വിരലിന് പരുക്കേറ്റ സഞ്ജു ഒരു കൈ ഉപയോഗിച്ചായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ സഞ്ജുവിനെ എല്‍ബിഡബ്ല്യൂവില്‍ കുരുക്കി അക്സര്‍ പട്ടേല്‍ കേരളത്തെ ഓള്‍ ഔട്ടാക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സില്‍ കേരളം ബാറ്റിങ് ആരംഭിക്കുമ്പോല്‍ 23 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. ഗുജറാത്തിനായി കലാരിയയും അക്സര്‍ പട്ടേലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നഗ്വാസ്വല്ല രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സിടി ഗജയും പീയുഷ് ചൗളയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിങ്സില്‍ കേരളം 185 റണ്‍സെടുത്ത് പുറത്തായിരുന്നു. പിന്നാലെ ഗുജറാത്തിനും ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു. 162 റണ്‍സിനാണ് ഗുജറാത്ത് പുറത്തായത്. നാല് വിക്കറ്റുമായി സന്ദീപ് വാര്യരും മൂന്ന് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയും എം.ഡി.നിധീഷുമാണ് ഗുജറാത്തിനെ എറിഞ്ഞിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ